ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാമലീല ആഘോഷത്തില്‍ അഭിനയിക്കാനായി വാനര വേഷം കെട്ടിയ രണ്ട് തടവുകാർ ജയിൽ ചാടി. രാമലീലയിൽ പങ്കെടുക്കുന്നതിനിടെയാണ് തടവുകാരായ പങ്കജ്, രാജ്കുമാർ എന്നിവർ ജയിൽചാടിയത് . കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളും തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളുമാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് കർമേന്ദ്ര സിംഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു .
ജയിൽ അധികൃതരുടെ അനാസ്ഥയാണ് തടവുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും, ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
നിർമാണ ജോലികൾക്കായി കൊണ്ടുവന്ന ഗോവണിയാണ് തടവുകാർ രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ രാമലീല ആഘോഷവുമായി ബന്ധപ്പെട്ട പ്രകടനത്തില്‍ വാനര വേഷത്തിലായിരുന്ന ഇരുവരുടേയും രക്ഷപ്പെടല്‍ വെകിയാണ് പുറത്തറിഞ്ഞത്. ആഘോഷങ്ങള്‍ക്കിടെ ഇവര്‍ രക്ഷപ്പെട്ടതിന് പിറ്റേന്ന് പുലർച്ചെയാണ് പോലീസിന് വിവരം ലഭിച്ചത്.
മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അപലപിച്ചു. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്നും ഇത് ഭരണസംവിധാനത്തിലെ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കോവിഡ് കാലയളവിൽ തടവുകാർക്ക് പരോൾ അനുവദിച്ചത് തെറ്റായിരുന്നുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി .
അതേസമയം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തടവുകാരെ തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിംഗ് ഡോബൽ അറിയിച്ചു . ഐപിസി 302 പ്രകാരമാണ് പങ്കജ് ശിക്ഷിക്കപ്പെട്ടത്, തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് രാജ്കുമാർ നേരിടുന്നത്.