Lifestyle

ദിവസവും കണ്ണെഴുതിയാലുള്ള ഗുണങ്ങള്‍

തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കണ്‍മഷികൊണ്ട് കണ്ണെഴുതിയിരുന്നു.

പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കുക. എന്നിട്ട് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കുക. കലത്തിന്റെ അടിയില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്കു പകരം കഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കണ്‍പോളയ്ക്കകത്തുവേണം മഷി എഴുതാന്‍.

നിത്യവും കണ്ണെഴുതിയാല്‍ കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ, ചുട്ടുനീറ്റല്‍, പീള അടിയല്‍ തുടങ്ങിയ രോഗങ്ങളെ ഒരു പരിധിവരെ തടയാം. കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും കണ്ണിന്റെ നിറത്തിനും സൗവീരം മഷികൊണ്ട് കണ്ണെഴുതുന്നത് ഉത്തമമാണ്. കണ്ണില്‍ പൊടിയും മറ്റു മാലിന്യങ്ങളും വീണ് എപ്പോഴും അസുഖങ്ങളുണ്ടാകാം.

കണ്ണിന്റെ രക്ഷയ്ക്ക് ത്രിഫലയിട്ട് തിളപ്പിച്ച വെള്ളം മണ്‍പാത്രത്തിലാക്കി തണുപ്പിച്ചശേഷം കണ്ണിലൊഴിക്കുന്നത് ഗുണം ചെയ്യുമെന്നു മാത്രമല്ല. കാഴ്ച ശക്തിക്കും നല്ലതാണ്. ത്രിഫലകഷായം, നെയ്യ്, തേന്‍ എന്നിവ കഴിക്കുന്നതും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും. ഇളനീര്‍ കുഴമ്പ്, കര്‍പ്പൂരാദി വര്‍ത്തി എന്നിവ ഒഴിക്കുന്നതും കണ്ണിന് ശ്രേഷ്ഠമാണ്.

ത്രിഫലയിട്ടു കാച്ചിയ എണ്ണ ഉച്ചിയില്‍ തേച്ച് കുളിക്കുന്നത് കണ്ണിന്റെ ഓജസ് വീണ്ടെടുക്കാന്‍ ഉപകരിക്കും. കണ്ണിലുണ്ടാകുന്ന ചില രോഗങ്ങള്‍ക്ക് മുലപ്പാലും സിദ്ധൗഷധമാണ്.