Good News

എന്റെ പിള്ളേരെ തൊടുന്നോടാ .. പ്രശ്നങ്ങളറിയാന്‍ ഡെലിവറി ബോയിയായി സോമാറ്റോ CEO

ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാത്ത ആളുകൾ നന്നേ കുറവാണ്. ജീവിതത്തിന്റെ പല തിരക്കുകൾ കൊണ്ട് ഭക്ഷണം സമയത്ത് ഉണ്ടാക്കാൻ സാധിക്കാത്തതിനാലുംഅല്ലെങ്കിൽ ഹോസ്റ്റൽ ഭക്ഷണം മടുക്കുമ്പോഴുമൊക്കെ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ഏതു പാതിരാത്രിയാണെങ്കിലും നമ്മൾ ഓർഡർ ചെയ്യുന്ന ഭക്ഷണം നമ്മുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ഡെലിവറി ഏജന്റ് മാരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവർ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ അവർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നൊക്കെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പലപ്പോഴൊക്കെ ഓൺലൈൻ ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒക്കെ വാർത്തകൾ വരാറുമുണ്ട്.

ഇപ്പോഴിതാ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഡെലിവറി എക്സിക്യൂട്ടീവ് ആയി എത്തിയ തന്നെ ഗുരുഗ്രാം ആംബിയൻസ് മാളിന്റെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്നു വിലക്കിയതായി ദിപീന്ദർ ഗോയൽ ആരോപിച്ചു. തന്റെ ഡെലിവറി എക്സിക്യൂട്ടീവുകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് അനുഭവിച്ച് അറിയുന്നതിനായി ഭാര്യ ഗ്രേസിയുമൊത്ത മാൾ സന്ദർശിച്ചതായിരുന്നു അദ്ദേഹം.

ഓൺലൈൻ ഡെലിവറി എക്സിക്യൂട്ടീവിന്റെ വേഷത്തിൽ ആയിരുന്നു ദിപീന്തറിന്റെ വരവ്. എന്നാൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിനായി തന്നെ വിലക്കി എന്നും അതിൽ കയറാൻ സാധിക്കില്ലെന്ന് സെക്യൂരിറ്റി പറഞ്ഞെന്നും ഗോയൽ പറഞ്ഞു.

ഗോയലിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ മറുപടിയുമായി മാൾ അധികൃതർ രംഗത്തെത്തി. തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു എന്നും ഇനി മുതൽ എക്സിക്യൂട്ടീവുകൾക്ക് മതിയായ സേവനങ്ങൾ ലഭ്യമാക്കും എന്നും മാൾ അധികൃതർ അറിയിച്ചു. എല്ലാ ഡെലിവറി പങ്കാളികൾക്കും സുഖപ്രദമായ ഓൺലൈൻ ഫുഡ് ഡെലിവറി പിക്ക് അപ്പ് പോയിന്റ് സൃഷ്ടിച്ചു എന്നും അവർ അറിയിച്ചു.

തന്റെ വീഡിയോയോട് മാൾ അധികൃതർ പ്രതികരിച്ചതിൽ നന്ദി ഉണ്ടെന്നും വേണ്ട നടപടികൾ കൈക്കൊണ്ടതിനും ദിപീന്തർ അറിയിച്ചു.