Movie News

‘രജനീകാന്ത് എഴുന്നേറ്റ് നിന്ന് എന്നെ സാര്‍ എന്നു വിളിച്ചു, ഒരു നിമിഷം ഞാന്‍ സ്തബ്ധനായിപ്പോയി…! ‘: സാബുമോന്‍

രജനികാന്തിന്റെ ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ആവേശം ഉടനീളം അലയടിക്കുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാവേദിയിലെ അനേകം സൂപ്പര്‍താരങ്ങള്‍ കൈകോര്‍ക്കുന്ന സിനിമയിലെ വേറിട്ട മുഖം മലയാള നടന്‍ സാബുമോന്‍ അബ്ദുസമദാണ്. സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് സാബുമോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരവിഷയം.

എങ്ങനെയാണ് ഈ താരമൂല്യമുള്ള സിനിമയില്‍ എത്തിയതെന്ന് ചോദ്യത്തിന് സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ സമീപിച്ചപ്പോള്‍, തന്റെ ആദ്യത്തെ ചോദ്യവും അതു തന്നെയായിരുന്നെന്ന് താരം പറഞ്ഞു. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ഒരു നടനെയാണ് ജ്ഞാനവേല്‍ സിനിമയില്‍ വില്ലനായി തിരഞ്ഞുകൊണ്ടിരുന്നത്. ഒരു ഭോജ്പുരി നടനെപ്പോലും പരിഗണിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു. ഒരു രജനികാന്ത് സിനിമയില്‍ വില്ലനായി അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ അപ്പോള്‍ തന്നെ ബാഗുകള്‍ പാക്ക് ചെയ്തതായും താരം പറഞ്ഞു.

രജനികാന്തുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ച സാബുമോന്‍, ആ നിമിഷം ഓര്‍ക്കുന്നത് പോലും തനിക്ക് ആവേശം പകരുന്നതാണെന്നായിരുന്നു പ്രതികരിച്ചത്. ”താന്‍ ആദ്യം കാണുമ്പോള്‍ ലൊക്കേഷന്റെ മൂലയില്‍, ഒരു ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ അദ്ദേഹം ഇരിക്കുകയായിരുന്നു. സംവിധായകന്‍ പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം എഴുന്നേറ്റു നിന്ന് എന്നെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്തു. എനിക്ക് മിണ്ടാന്‍ പോലും കഴിയുമായിരുന്നില്ല. ഒരു മടിയും കൂടാതെ അദ്ദേഹത്തോട് പറഞ്ഞു, ‘സര്‍, ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ വിറയ്ക്കുന്നു.’ എന്റെ തോളില്‍ തട്ടിക്കൊണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു, എന്തുകൊണ്ടാണ് തമിഴര്‍ അദ്ദേഹത്തെ ഒരു ഇതിഹാസമായി ഇത്രയധികം ബഹുമാനിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലായി. അത്രമാത്രം ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം.” സാബു പറഞ്ഞു.

”ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ കഴിഞ്ഞ്, അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. ‘നിങ്ങള്‍ നന്നായി ചെയ്തു’. എന്റെ ആദ്യ തമിഴ് സിനിമയാണെന്നറിഞ്ഞു കൊണ്ട് അദ്ദേഹം എന്റെ തോളില്‍ തട്ടി പറഞ്ഞു. ‘തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം’, ഞങ്ങള്‍ എട്ട് ദിവസം ഒരുമിച്ച് ഷൂട്ട് ചെയ്തിട്ടും, അദ്ദേഹത്തോടൊപ്പം ഒരു ചിത്രം പോലും എടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകള്‍ എപ്പോഴും എന്നോടൊപ്പമുണ്ടാകും. ശരിക്കും എന്റെ ജീവിതത്തിലെ ആദ്യത്തെ മാസ്മരിക നിമിഷമായിരുന്നു.” താരം ആവേശത്തോടെ പറഞ്ഞു.

തമിഴില്‍ തനിക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഓപ്പണിംഗുകളില്‍ ഒന്നാണിതെന്നും റിലീസിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം വേട്ടൈയാന് പുറമേ റിലീസിനായി കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളുടെ ഒരു നിര സാബുമോനുണ്ട്. യോഗി ബാബുവിന്റെ അഹിംസ മുതല്‍ ജി.വി.പ്രകാശിന്റെ കിംഗ്സ്റ്റണ്‍ വരെ താരം കോളിവുഡിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *