Myth and Reality

31 വര്‍ഷം നീണ്ട നിധിവേട്ടയ്ക്ക് അവസാനം; സുവര്‍ണ മൂങ്ങയെ കണ്ടെത്തി…! സമ്മാനം കോടികള്‍ !

ഫ്രാന്‍സില്‍ ഉടനീളം ആയിരക്കണക്കിന് ആള്‍ക്കാരെ 31 വര്‍ഷം കുഴപ്പിച്ച നിധി വേട്ടയ്ക്ക് ഒടുവില്‍ അവസാനം. 1993-ല്‍ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ഓണ്‍ ദി ട്രെയില്‍ ഓഫ് ദി ഗോള്‍ഡന്‍ ഓള്‍’ നിധിവേട്ടയ്ക്ക് വ്യാഴാഴ്ചയാണ് അവസാനമായത്. മഹത്തായ സമ്മാനം ക്‌ളെയിം ചെയ്യാന്‍ ആവശ്യമായ രഹസ്യങ്ങള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം.

നിധിവേട്ടയില്‍ പങ്കെടുക്കുന്നവര്‍ കടങ്കഥകള്‍ അടക്കം പുസ്തകത്തിലെ 11 പസിലുകള്‍ പരിഹരിച്ച് പന്ത്രണ്ടാമത്തേത് എത്തുമ്പോഴാണ് മറഞ്ഞിരിക്കുന്ന രഹസ്യത്തിന് അടുത്തെത്തുക. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഡിസ്‌കോര്‍ഡ് എന്ന ചാറ്റ് ആപ്പിലെ ഒരു ചാനലിലെ സന്ദേശത്തിലാണ് ഇന്നലെ രാത്രി ഗോള്‍ഡന്‍ ഓള്‍ കൗണ്ടര്‍മാര്‍ക്ക് കണ്ടെത്തിയെന്ന സ്ഥിരീകരണം വന്നത്. പിന്നാലെ സങ്കടകരവും കരയുന്നതുമായ ഇമോജികളുടെ ഒരു തിരമാല തന്നെ ഫോളോവേഴ്‌സ് അഴിച്ചുവിട്ടു.

1993-ല്‍ പുസ്തക രചയിതാവ് റെജിസ് ഹൗസറും ആര്‍ട്ടിസ്റ്റ് മൈക്കല്‍ ബെക്കറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഈ പുസ്തകം, ഫ്രാന്‍സില്‍ നിന്നും വിദേശത്തു നിന്നുമുള്ള 200,000-ത്തിലധികം നിധിവേട്ടക്കാരുടെ ഒരു കമ്മ്യൂണിറ്റിക്ക് തന്നെ കാരണമായി. നിധി കണ്ടെത്തുന്ന ഭാഗ്യവാന് മൂന്ന് കിലോ സ്വര്‍ണ്ണവും 7 കിലോ വെള്ളിയും കണ്ണുകള്‍ ഡയമണ്ട് ചിപ്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു മൂങ്ങയാണ് സമ്മാനം. കടങ്കഥകളുടെ ബൗദ്ധിക വാസ്തുശില്പിയായ ഹൗസര്‍, നിധി വേട്ടക്കാര്‍ തന്നെ അന്വേഷിക്കുന്നതില്‍ നിന്ന് തടയാന്‍ മാക്സ് വാലന്റൈന്‍ എന്ന തൂലികാനാമം ആദ്യം ഉപയോഗിച്ചിരുന്നു. 2009-ല്‍ അദ്ദേഹം മരിച്ചതോടെ പുസ്തകവും അതില്‍ പറഞ്ഞിരിക്കുന്ന സമസ്യയും കൂടുതല്‍ നിഗൂഢമായി.

അമൂല്യമായ നിധി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചുകൊണ്ട് മൂങ്ങയുടെ ഒരു പകര്‍പ്പ് കുഴിച്ചിടാന്‍ ഹൗസറും ബെക്കറും തീരുമാനിച്ചു. ഇതിന്റെ മൂല്യം നിലവില്‍ 150,000 യൂറോ (ഏകദേശം 165,000 ഡോളര്‍) ആയി കണക്കാക്കപ്പെടുന്നു. നിധിക്ക് അവകാശവാദം ഉന്നയിക്കാന്‍ വിജയിക്കുന്ന കളിക്കാരന്‍ പുസ്തകത്തിന്റെ എല്ലാ പ്രഹേളികകള്‍ക്കും ഉത്തരങ്ങള്‍ക്കൊപ്പം ഒരു പകര്‍പ്പും സമര്‍പ്പിക്കേണ്ടതുണ്ട്.

കിറ്റ് വില്യംസിന്റെ 1979-ലെ കടങ്കഥകളുടെ പുസ്തകമായ ‘ദി മാസ്‌ക്വറേഡി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആശയം റെജിസ് ഹൗസറും ആര്‍ട്ടിസ്റ്റ് മൈക്കല്‍ ബെക്കറും ചേര്‍ന്ന് അവതരിപ്പിച്ചത്. ‘ദി മാസ്‌ക്വറേഡി’ല്‍ വേട്ടക്കാര്‍ക്ക് ഒരു സ്വര്‍ണ്ണ മുയലിനെ കണ്ടെത്താന്‍ നിരവധി പ്രഹേളികകള്‍ പരിഹരിക്കേണ്ടി വന്നു. മൂങ്ങയെ കണ്ടെത്തിയെന്ന വാര്‍ത്ത അനേകരെയാണ് നിരാശരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *