Sports

ഒളിമ്പിക്‌സില്‍ മനുഭാക്കര്‍ 2വെങ്കലം വെടിവെച്ചിട്ടത് ഒരു കോടി വിലയുള്ള തോക്കുകൊണ്ട്?

പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ മെഡലുകള്‍ നേടിയ മനുഭാക്കര്‍ ഇന്ത്യന്‍ ഒളിമ്പിക് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് അനുപമമായ നേട്ടങ്ങളാണ്. ഷൂട്ടിംഗില്‍ രണ്ടു വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയ അവര്‍ ഒരു ഒളിമ്പിക്‌സില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്.

താരത്തിന്റെ ഓരോ നീക്കവും വിപുലമായി മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നുണ്ടെങ്കിലും, താരത്തെക്കുറിച്ച് ചില കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഒരു കോടി രൂപയുടെ പിസ്റ്റളാണ് താരം ഒളിമ്പിക്‌സ് മത്സരത്തില്‍ ഉപയോഗിച്ചതെന്നാണ് അവയില്‍ ഒന്ന്. മനുവിന്റെ പിസ്റ്റള്‍ വളരെ ചെലവേറിയതാണെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ കോടികളുടെ എണ്ണം കൂടുമെന്ന് വരെ പറയുന്നുണ്ട്.

എന്തായാലും സ്പോര്‍ട്സ് നെക്സ്റ്റുമായുള്ള സമീപകാല സംഭാഷണത്തില്‍ താരം തന്നെ ഈ വിഷയത്തില്‍ മറുപടിയുമായി എത്തി. അമ്പരപ്പോടെ ‘കോടിയോ?’ എന്നാണ് മനുവിന്റെ ആദ്യ പ്രതികരണം. ഏകദേശം 1.5 ലക്ഷം മുതല്‍ 1.85 ലക്ഷം രൂപ വരെയുള്ള തോക്കാണ് താന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ ഏത് മോഡലാണ് വാങ്ങുന്നത്, പുതിയതോ സെക്കന്‍ഡ് ഹാന്‍ഡ് പിസ്റ്റളോ അല്ലെങ്കില്‍ നിങ്ങളുടെ പിസ്റ്റള്‍ കസ്റ്റമൈസ് ചെയ്തതോ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വില വരിക. നിങ്ങള്‍ ഒരു ഉയര്‍ന്ന നിലവാരത്തില്‍ എത്തിയാല്‍ കമ്പനികള്‍ നിങ്ങള്‍ക്ക് സൗജന്യ പിസ്റ്റള്‍ നല്‍കിയേക്കാം- താരം പറഞ്ഞു.

ഷൂട്ടിംഗിന് പുറമെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘എന്റെ ജീവിതത്തിലെ പ്രണയം ഷൂട്ടിംഗാണ്, എനിക്ക് കഴിയുന്നിടത്തോളം ഷൂട്ട് ചെയ്യാനും ഇന്ത്യക്കായി കഴിയുന്നത്ര മെഡലുകള്‍ നേടാനും ഞാന്‍ ആഗ്രഹിക്കുന്നു. മനു പറഞ്ഞു,

ആശയവിനിമയത്തിനിടെ ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും മനു വെളിപ്പെടുത്തി. ”എനിക്കും ദേഷ്യം വരും. എന്നാല്‍ എന്റെ ദേഷ്യത്തെ പോസിറ്റീവായി മാറ്റാന്‍ ഞാന്‍ പഠിച്ചു. ഒരു കായികതാരത്തിന് അത് വളരെ പ്രധാനമാണ്.”