Good News

ഭർതൃമാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകി യുവതി, പിന്നാലെ മരണം: വേദനയോടെ കുടുംബം

സമൂഹമാധ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്ന ചില വാര്‍ത്തകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുമ്പോൾ മറ്റുചിലവ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നതായിരിക്കും. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സ്വന്തം ഭർതൃ മാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകിയ ഒരു മരുമകൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയ വാർത്തയാണിത്.

അർച്ചന എന്നു പേരുള്ള യുവതിയാണ് രോഗിയായ അമ്മായിയമ്മയുടെ സഹോദരിക്ക് തന്റെ കരളിന്റെ 60 ശതമാനത്തോളവും ശാസ്ത്രക്രിയയിലൂടെ ദാനം നൽകിയത്. സർജറി വിജയകരമായി പൂർത്തീകരിച്ചെങ്കിലും ദിവസങ്ങൾക്കുശേഷം അർച്ചനയുടെ നില മോശമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. നിരവധി ആളുകൾ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കുചേർന്നു.

@Ghar Ke Kalesh എന്ന എക്സ് ഉപഭോക്താവാണ് ഇതുമായി ബന്ധപ്പെട്ട ഒരു വൈറൽ വീഡിയോയും അതിൽ നിന്നുള്ള ഒരു വൈകാരിക കഥയും പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ തങ്ങളുടെ കുടുംബത്തോടൊപ്പമുള്ള അർച്ചനയുടെ യാത്രയെ കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. അതിങ്ങനെ ആയിരുന്നു “ഒമ്പത് വർഷം മുമ്പ് എന്റെ സഹോദരൻ വിവാഹിതനായി, അങ്ങനെ അർച്ചന ഭാഭി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നവന്നു, അവൾ ഞങ്ങളുടെ വീട്ടിലേക്ക് സന്തോഷം കൊണ്ടുവന്നു. അവൾ ഒരു മകനെ പ്രസവിച്ചു, ഈ വർഷം അവന്റെ നാലാമത്തെ ജന്മദിനമാണ്. ഒരു ദിവസം അർച്ചനയുമായി വളരെ അടുപ്പം പുലർത്തിയിരുന്ന 65 വയസ്സുള്ള ഞങ്ങളുടെ അമ്മയുടെ സഹോദരിക്ക് രോഗം മൂർച്ഛിക്കുകയും അവരുടെ നില വഷളാകുകയും ചെയ്തു. എന്നാൽ ഒരു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ അവർക്ക് ഈ നില തരണം ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടസാധ്യതകളെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അർച്ചന അവര്‍ക്ക് തന്റെ കരൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പതിനഞ്ച് ദിവസം മുമ്പാണ് അവൾ തന്റെ കരളിന്റെ ഗണ്യമായ ഒരു ഭാഗം അമ്മായിയമ്മയുടെ സഹോദരിക്ക് ദാനം ചെയ്തുകൊണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം അർച്ചനയെ ഡിസ്ചാർജ് ചെയ്തെങ്കിലും അവളുടെ ആരോഗ്യം മോശമാകാൻ തുടങ്ങി. അവൾക്ക് അണുബാധയുണ്ടായി. മൂന്ന് ദിവസത്തിനുള്ളിൽ ഒന്നിലധികം അവയവങ്ങൾ തകരാരിലാകുകയും ഹൃദയഘാതത്തെ തുടർന്ന് അവൾ മരണപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *