Lifestyle

ശബ്ദശല്യം; താമസക്കാര്‍ പല്ല് തേയ്ക്കാനോ ബാത്റൂം ഉപയോഗിക്കാനോ പാടില്ലായെന്ന് അയല്‍ക്കാരി

ഒരു കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാറുണ്ട്. അതില്‍ പ്രധാനമായത് വേസ്റ്റ് മാനേജ്മെന്റും വെള്ളത്തിന്റെ പ്രശ്നവുമായിരിക്കും. എന്നാല്‍ ചൈനക്കാരിയായ ഒരു സ്ത്രീ ഉയര്‍ത്തിയിരിക്കുന്നത് വളരെ വിചിത്രമായ ആരോപണമാണ്. അതും തന്റെ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയില്‍ താമസിക്കുന്നയാള്‍ക്കെതിരെയാണ്.

ഇവര്‍ക്ക് ശബ്ദത്തിനോട് വളരെ അധികം അസഹിഷ്ണുതയാണ്. മുകളിലെ താമസക്കാര്‍ രാത്രിക്കാലത്ത് ബാത്റൂം പോലും ഉപയോഗിക്കരുതെന്ന്
ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

വാങ്ങ് എന്ന് പേരുള്ള ഈ സ്ത്രീ താമസിക്കുന്നത് ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ്. വീടിനുള്ളിലൂടെ മുകളിലെ താമസക്കാര്‍ നടക്കുന്നതും ദൈനം ദിന കാര്യങ്ങള്‍ ചെയ്യുന്നതുമൊക്കെ ഇവര്‍ക്ക് അരോചകമായിരുന്നു. ഇതേക്കുറിച്ച് അവര്‍ പതിവായി പരാതി ഉന്നയിച്ചുകൊണ്ടിരുന്നു. വാങ്ങിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി മാത്രം മുകളില്‍ താമസക്കാരന്‍ വീട്ടിലുടനീളം കാര്‍പെറ്റ് വിരിക്കുകയും സോഫ്റ്റായ ചെരുപ്പ് വാങ്ങി ധരിക്കുകയുംവരെ ചെയ്തു.

എന്നാല്‍ വാങ്ങിന്റെ പരാതി ഇതിലും അവസാനിച്ചില്ല. മാത്രമല്ല പരാതികള്‍ വര്‍ധിച്ചുകൊണ്ടുമിരുന്നു. പല്ല് തേക്കുന്നതും, നടക്കുന്നതുമൊക്കെ പരാതികള്‍ക്ക് കാരണമായികൊണ്ടിരുന്നു. പിന്നീട് രാത്രി 10 മണിക്ക് ശേഷം ടോയിലറ്റ് ഉപയോഗിക്കരുതെന്ന് പറയുന്നിടം വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. എന്തെങ്കിലും ശബ്ദംമുണ്ടായാല്‍ വാങ്ങ് നീളമുള്ള വടിയെടുത്ത് സീലിങ്ങില്‍ തട്ടി മുന്നറിയിപ്പ് നല്‍കും. ചിലപ്പോള്‍ സ്പീക്കര്‍ ഉപയോഗിച്ച് ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കാനും ശ്രമിക്കും. സഹികെട്ടാണ് താമസക്കാര്‍ വാങ്ങിനെതിരെ പോലീസില്‍ പരാതിപ്പെട്ടത്.

പോലീസ് സ്ഥലത്തെത്തി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വാങ്ങിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. ഒരു മാര്‍ഗവുമില്ലാതെ അയാള്‍ക്ക് വീട് മാറി താമസിക്കേണ്ടതായി വന്നു. വീട് വാടകയ്ക്ക് നല്‍കാനായിരുന്നു തീരുമാനമെങ്കിലും വാങ്ങിന്റെ ശല്യം കാരണം വാടകക്കാര്‍ വീട് ഒഴിഞ്ഞുപോയി . പിന്നീട് മറ്റൊരു മാര്‍ഗവുമില്ലാതെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

വീട് മാറി താമസികേണ്ടി വന്നതിന്റെ ചിലവും സമ്മര്‍ദത്തിന്റെ നഷ്ടപരിഹാരവും ചേര്‍ത്ത് 3.89 ലക്ഷം രൂപ വീട്ടുടമ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം സ്വന്തം താല്പര്യ പ്രകാരം മാറിയതിന് താന്‍ പണം കൊടുക്കില്ല എന്നതായിരുന്നു .വാങ്ങിന്റെ വാദം . കേസ് വിശദമായി മനസ്സിലാക്കി കോടതി വീട്ടുടമയുടെ ഭാഗത്ത് ഒരു കുറ്റവുമില്ലായെന്നും വാങ്ങ് എടുത്തനടപടി അല്‍പം കൂടി പോയെന്നും ചൂണ്ടികാണിച്ചു. പിന്നീട് വീങ്ങിനോട് 19600 യുവാന്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. ഈ വിചിത്രമായ കേസ് ചൈനീസ് മാധ്യമങ്ങള്‍ ഏറ്റെത്തു. എന്നാല്‍ ഭൂരിഭാഗം വരുന്ന ആളുകളും അഭിപ്രായപ്പെട്ടത് വാങ്ങ് മറ്റൊരു വീടെടുത്ത് മാറണമെന്നായിരുന്നു.