Oddly News

വെള്ളപ്പൊക്കത്തില്‍ മൃഗശാല മുങ്ങി ; വന്യമൃഗങ്ങളും വിഷപ്പാമ്പുകളും മുതലകളും ഗ്രാമങ്ങളിലേക്ക്… നാട്ടുകാര്‍ ഭീതിയില്‍- വീഡിയോ

മൃഗശാല വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നൈജീരിയയില്‍ നാട്ടുകാര്‍ ഭീതിയില്‍. മൃഗശാലയിലെ പാമ്പുകളും മുതലകളുമെല്ലാം വെള്ളത്തിലൂടെ ഒഴുകി ഗ്രാമങ്ങളിലേക്ക് എത്തിയതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വടക്കന്‍ നൈജീരിയയില്‍ ബോര്‍ണോ സ്‌റ്റേറ്റിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും മൂലം അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ മൃഗശാലയെയും പ്രളയം വിഴുങ്ങുകയായിരുന്നു.

പ്രദേശം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ മൃഗശാലയിലെ ഉരഗങ്ങള്‍ അടക്കം അനേകം ജീവജാലങ്ങളാണ് മനുഷ്യവാസമുള്ള പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. കുതിച്ചുയരുന്ന ജലം 80 ശതമാനത്തിലധികം വന്യജീവികളുടെ നാശത്തിന് കാരണമാകുകയും മാരകമായ ഉരഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മുക്കിക്കളയുകയും ചെയ്തതായി മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലസ്ഥാനമായ മൈദുഗുരിയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡിലൂടെ ഒട്ടകപ്പക്ഷി അലയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



മൃഗങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നൈജീരിയയുടെ ദുരന്ത നിവാരണ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിന് 20 കിലോമീറ്റര്‍ തെക്കുകിഴക്കായി അലാവു അണക്കെട്ട് വാരാന്ത്യത്തില്‍ കവിഞ്ഞത് മൈദുഗുരിയിലെ അനേകം പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ പെടാന്‍ കാരണമായി. ഇവിടുത്തെ മുഴുവന്‍ വീടുകളും മുങ്ങി. 30 വര്‍ഷത്തിനിടെ മൈദുഗുരിയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) വിശേഷിപ്പിച്ചത്.

സംഭവത്തില്‍ നിന്ന് മനുഷ്യമരണങ്ങളൊന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മൈദുഗുരിയില്‍ ഏകദേശം 280,000 പേരെ ബാധിച്ചതായും നഗരത്തില്‍ 200,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും യുഎന്‍ ഏജന്‍സി അറിയിച്ചു. വടക്കന്‍ നൈജീരിയയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.