സംപ്രേഷണം തുടങ്ങിയിട്ട് ഇപ്പോഴും തുടരുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ ഏതാണെന്ന് അറിയാമോ? അത് കോന്‍ ബനേഗാ ക്രോർപതി, സിഐഡി, താരക് മെഹ്താ കാ ഊൾട്ട ചാഷ്മ, അല്ലെങ്കിൽ ബിഗ് ബോസ് എന്നിവയൊന്നുമല്ല, കാർഷിക വിജ്ഞാന പരിപാടിയായ കൃഷി ദർശനാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ. ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഏതൊക്കെ ഷോകളാണ് ഉള്ളതെന്ന് നോക്കാം.
16,780-ലധികം എപ്പിസോഡുകളുള്ള, കൃഷി ദർശൻ 57 വർഷത്തിലേറെയായി സംപ്രേഷണം ചെയ്യുന്നു. കാർഷിക രീതികൾ, മൃഗ സംരക്ഷണം, മത്സ്യബന്ധനം, ഗ്രാമീണ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തുടനീളമുള്ള കർഷക പ്രേക്ഷകർക്ക് നൽകാനാണ് ഷോ ലക്ഷ്യമിടുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് കൃഷി ദർശൻ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഇരുപതാം വർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 1967 ജനുവരി 26 നാണ് ഷോയുടെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
കഴിഞ്ഞ 57 വർഷമായി ഡിഡി നാഷണലിൽ ഷോ സംപ്രേക്ഷണം ചെയ്യുന്നു. 2015ൽ ഡിഡി കിസാനിലും സംപ്രേക്ഷണം തുടങ്ങി. ഓരോ എപ്പിസോഡും ഏകദേശം 30 മിനിറ്റ് നീണ്ടുനിൽക്കും. ഇതിന്റെ പ്രാരംഭ സംപ്രേക്ഷണം ഡൽഹിക്ക് ചുറ്റുമുള്ള 80 ഗ്രാമങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ അത് അധികം വൈകാതെ ദേശീയ തലത്തിൽ വിപുലീകരിക്കപ്പെട്ടു.
12,000 എപ്പിസോഡുകളായി ഡിഡി നാഷണലിൽ 42 വർഷമായി തുടരുന്ന ചിത്രഹാർ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള രണ്ടാമത്തെ ടിവി ഷോ. ബോളിവുഡ് സിനിമകളിലെ ഗാനങ്ങൾ ഉൾക്കൊള്ളുന്ന, അതിന്റെ ആദ്യ എപ്പിസോഡ് 1982 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ സംപ്രേക്ഷണം ചെയ്തു.
മറ്റൊരു സംഗീത പരിപാടിയായ രംഗോലി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ ടെലിവിഷൻ ഷോയാണ്. 1989 മുതൽ 35 വർഷമായി 11,500 എപ്പിസോഡുകളോടെ ഇത് സംപ്രേഷണം ചെയ്യുന്നു. ഹേമ മാലിനി, ഷർമിള ടാഗോർ, ശ്വേതാ തിവാരി തുടങ്ങി നിരവധി ജനപ്രിയ നടിമാർ രംഗോലിക്ക് ആതിഥികളായി എത്തിയിട്ടുണ്ട്.
2000 തുടങ്ങിയ കൗൺ ബനേഗ ക്രോർപതി 1,230 എപ്പിസോഡുകൾ പിന്നിട്ടു. CID 20 വർഷത്തിനിടെ 1,547 എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തു. 17 വർഷത്തിനിടെ 1864 എപ്പിസോഡുകളാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തത്. താരക് മേത്ത കാ ഊൾട്ട ചാഷ്മ 2008 മുതൽ 4,180 എപ്പിസോഡുകളായി തുടരുന്നു.