Good News

വിവാഹത്തിന് ചെലവ് വെറും 500 രൂപ, 48 മണിക്കൂറിനുള്ളില്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ച ഐഎഎസ് ദമ്പതികള്‍

ആഡംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു വിവാഹരീതി തിരഞ്ഞെടുത്ത് വാര്‍ത്തകളില്‍ ഇടം നേടി ഐഎഎസ് ദമ്പതികള്‍. ഐഎഎസ് ഓഫീസര്‍മാരായ സലോനി സിദാനയും ആശിഷ് വസിഷ്ഠും തങ്ങളുടെ വിവാഹത്തിന് ചെലവാക്കിയത് വെറും 500 രൂപ മാത്രം. ആര്‍ഭാടമായ ഒരു ആഘോഷം ഒഴിവാക്കി തങ്ങളുടെ വിവാഹച്ചെലവുകള്‍ ചുരുക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി ഈ ദമ്പതികള്‍ .

മധ്യപ്രദേശിലെ ഭിന്ദിലെ എഡിഎം കോടതിയിലാണ് സലോനിയുടെയും ആശിഷിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ലളിതവും എന്നാല്‍ അര്‍ത്ഥവത്തായതുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. വെറും 500 രൂപ മാത്രമായിരുന്നു കോടതി ഫീസ്. ആശിഷ് വസിഷ്ത് രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയും സലോനി സിദാന പഞ്ചാബിലെ ജലാലാബാദില്‍ നിന്നുള്ളയാളുമാണ്. രസകരമെന്നു പറയട്ടെ, ഇരുവരും അവരുടെ കുടുംബങ്ങളിലെ ആദ്യത്തെ ഐ എ എസ് ഓഫീസര്‍മാരാണ്.

സലോനി സിദാനയും ആശിഷ് വസിഷ്ഠും 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ (LBSNAA) വെച്ചാണ് ഇരുവരുടെയും പ്രണയകഥ ആരംഭിക്കുന്നത്. ഐഎഎസ് പരിശീലനത്തിനിടെ അവര്‍ ആദ്യമായി കണ്ടുമുട്ടുകയും കാലക്രമേണ ഈ സൗഹൃദം പ്രണയമായി വളര്‍ന്നു, ഒടുവില്‍ വിവാഹത്തിലേക്ക് നയിച്ചു.

വിവാഹത്തിന് 500 രൂപ മാത്രം ചെലവഴിക്കാനുള്ള ദമ്പതികളുടെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി, പ്രത്യേകിച്ച് വിവാഹ ബജറ്റ് പലപ്പോഴും ലക്ഷങ്ങളോ കോടികളോ ആയ ഒരു രാജ്യത്ത്. ആഘോഷം ഗംഭീരമാക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഐഎഎസ് ദമ്പതികള്‍ അവരുടെ വിവാഹം ലളിതമായി നടത്തുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്തു.

സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും വലിയ വില ആവശ്യമില്ലെന്ന് വിശ്വസിക്കുന്ന പലര്‍ക്കും അവരുടെ കഥ പ്രചോദനം നല്‍കുന്നു.