Travel

ഈ 30 മണിക്കൂര്‍ ട്രെയിന്‍യാത്ര എന്തുകൊണ്ടാണ് ഓണ്‍ലൈനില്‍ ഇത്രഹിറ്റായത് ?

വെറും 30 മണിക്കൂറുകള്‍ മാത്രമുള്ള ഒരു ട്രെയിന്‍യാത്ര ഓണ്‍ലൈനില്‍ സെന്‍സേഷനാണ്. ലോകത്തുടനീളമുള്ള വിനോദസഞ്ചാരികള്‍ ഈ യാത്ര ആസ്വദിക്കാന്‍ വേണ്ടി മാത്രം തിക്കും തിരക്കും കൂട്ടുന്നു. ഇത് അത്ര സാധാരണമായ ഒരു തീവണ്ടിയാത്രയല്ല കേട്ടോ. തുര്‍ക്കിയിലെ അങ്കാറയേയും കിഴക്കന്‍ നഗരമായ കാര്‍സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും മനോഹര ട്രെയിന്‍യാത്രകളിലൊന്നാണ്.

കാഴ്ചയും അനുഭവവുമാണ് 800 മൈല്‍ നീളത്തില്‍ വരുന്ന യാത്ര. പ്രതിദിനം ഈ പാതയിലൂടെ യാത്ര നടത്തുന്ന ഈസ്റ്റേണ്‍ എക്സ്പ്രസ് ഉയര്‍ന്ന പീഠഭൂമികളിലൂടെയും വടക്കുകിഴക്കന്‍ അനറ്റോലിയയിലെ പര്‍വതപ്രദേശങ്ങളിലൂടെയും 814 മൈലുകള്‍ ഓടുകയും അതിശയകരമായ തുര്‍ക്കി പ്രകൃതിദൃശ്യങ്ങളില്‍ അത്ഭുതപ്പെടാന്‍ യാത്രക്കാരെ അനുവദിക്കുകയും ചെയ്യുന്നു. ട്രെയിന്‍യാത്രയുടെ ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതീരുകയാണ്.

മഞ്ഞുമൂടിയ മലനിരകളും ഹിമത്തൊപ്പി വെച്ച അറാറത്ത് പര്‍വ്വതവും മഞ്ഞുപുതപ്പിനുള്ളിലൂടെയുള്ള തുരങ്ക യാത്രകളും അരുവികള്‍ ഒഴുകുന്ന അനന്തമായ മലകളും വയലുകളും ഉള്‍പ്പെടെ തുര്‍ക്കിയുടെ അസാധാരണ പ്രകൃതിദൃശ്യം കാട്ടിത്തരും. ഓരോ തുരങ്കത്തിനു ശേഷവും ഒരു പുതിയ മനോഹരമായ കാഴ്ചവരും. അതിശൈത്യത്തിലേക്കും താപനില മൈനസ് 5 ലേക്കുമെല്ലാം നീങ്ങുന്ന ജനുവരിയില്‍ വെളുത്ത ഹിമപ്പട്ടിനാല്‍ മൂടിയിരിക്കുന്ന തുര്‍ക്കിയുടെ മലനിരകളുടെ കാഴ്ചകള്‍ മികച്ചതാണ്. യൂറോപ്പിനെ ശൈത്യം പിടികൂടിത്തുടങ്ങുന്ന ഒക്ടോബര്‍ – നവംബര്‍ മുതലുള്ള മാസങ്ങളില്‍ കൊടുമുടികളും സമതലങ്ങളുമെല്ലാം മഞ്ഞിനടിയിലാകും. യാത്രകള്‍ക്ക് തിരക്ക് അതിശക്തമാകും.

അങ്കാറയില്‍ നിന്ന് പുറപ്പെട്ട ഈസ്റ്റേണ്‍ എക്സ്പ്രസ് കിഴക്കന്‍ നഗരങ്ങളായ കിരിക്കലെ, കെയ്‌സേരി, ശിവാസ്, എര്‍സിങ്കാന്‍, എര്‍സുറം എന്നിവിടങ്ങളിലൂടെയെല്ലാമാണ് സഞ്ചരിക്കുന്നത്. 1,300 കിലോമീറ്റര്‍ (808 മൈല്‍) ദൈര്‍ഘ്യമുള്ള യാത്ര ഏകദേശം 32 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ബിറ്റ്‌ലിസിലെ സമൃദ്ധമായ പ്രകൃതിക്ക് പുറമെ, എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് അരാരത്ത്, നെമ്രട്ട് പര്‍വതങ്ങളുടെയും ഗണ്യമായ ടൂറിസം സാധ്യതയുള്ള പ്രദേശമായ വന്‍ തടാകത്തിന്റെയും അതുല്യമായ കാഴ്ചയും ആസ്വദിക്കാനാകും.

60 വര്‍ഷത്തില്‍ ഏറെയായി, ഡോഗു എക്സ്പ്രസ് ട്രെയിന്‍ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയെ കിഴക്കന്‍ നഗരമായ കാര്‍സുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ നന്നായി സൂക്ഷിച്ചിരുന്ന രഹസ്യം ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സ് വന്നതോടെ പരസ്യമായി. സോഷ്യല്‍ മീഡിയയില്‍ പ്രകൃതിദൃശ്യങ്ങളുടെ ഫോട്ടോകള്‍ പങ്കിടാന്‍ തുടങ്ങിയതോടെ ഈസ്റ്റേണ്‍ എക്സ്പ്രസ് വളരെ ജനപ്രിയമായി. എക്‌സ്പ്രസിന്റെ ജനപ്രീതിക്ക് മുമ്പ്, യാത്രക്കാരുടെ ശരാശരി പ്രായം 50 ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും പതിവായി യാത്രക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *