Celebrity

തന്റെ മരണശേഷം കോടിക്കണക്കിന് സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കും ? വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍

ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ്. ബിഗ് ബിയുടെ മരണശേഷം തന്റെ കോടിക്കണക്കിന് സ്വത്തുക്കള്‍ എന്ത് ചെയ്യുമെന്ന് പറയുന്ന താരത്തിന്റെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. മക്കളായ അഭിഷേക് ബച്ചനെയും ശ്വേത ബച്ചനെയും തുല്യമായാണ് താന്‍ കാണുന്നതെന്നാണ് 2011-ലെ അഭിമുഖത്തില്‍ ബിഗ് ബി പറയുന്നത്.

‘ഞാന്‍ ഒരിക്കലും എന്റെ രണ്ട് മക്കളെയും തരംതിരിവോടെ കണ്ടിട്ടില്ല. ഞാന്‍ മരിക്കുമ്പോള്‍ എനിക്കുള്ളതെല്ലാം തുല്യമായി എന്റെ മകള്‍ക്കും മകനുമായി വീതിച്ചു നല്‍കും. വര്‍ഷങ്ങള്‍ക്കു മുന്നേ ഈ കാര്യം ഞാനും ജയയും ഒരുമിച്ച് തീരുമാനിച്ചതാണ്. എല്ലാവരും പറയും പെണ്‍കുട്ടിക്ക് സ്വത്തില്‍ അവകാശം നല്‍കേണ്ട ആവശ്യമില്ല, കാരണം അവളെ കല്യാണം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് അയച്ചല്ലോ എന്ന്. എന്നാല്‍ എനിക്കെപ്പോഴും അവള്‍ എന്റെ മകള്‍ തന്നെയാണ്. അഭിഷേകിനുള്ള അതേ അവകാശം ശ്വേതക്കും ഉണ്ട്.’ – അമിതാഭ് ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അമിതാഭ് തന്റെ ബംഗ്ലാവായ ജല്‍സ ശ്വേത ബച്ചന്‍ നന്ദയ്ക്ക് സമ്മാനിച്ചു. അന്ന് 50 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം.

ഇതേ അഭിമുഖത്തില്‍ അമിതാഭ് ബച്ചന്‍ മകന്‍ അഭിഷേക് ബച്ചനുമായുള്ള ബന്ധം പങ്കുവെച്ചു. ഒരു സുഹൃത്തിനെ പോലെയാണ് താന്‍ മകനോട് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”അഭിഷേക് ജനിക്കുന്നതിന് വളരെ മുമ്പു തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, എനിക്ക് ഒരു മകനുണ്ടെങ്കില്‍, അവന്‍ എന്റെ മകനേക്കാള്‍ എന്റെ സുഹൃത്തായിരിക്കുമെന്ന്. എന്റെ ഷൂസ് ഇടാന്‍ തുടങ്ങിയ ദിവസം മുതല്‍ അവന്‍ എന്റെ സുഹൃത്തായി. അതിനാല്‍ ഇപ്പോള്‍ ഞാന്‍ അവനെ ഒരു സുഹൃത്തായി കാണുന്നു. ഞാന്‍ അവനെ ഒരു മകനായി കാണുന്നത് വളരെ വിരളമാണ്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അവനെക്കുറിച്ച് ആശങ്കാകുലനാണ്, ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അവനെ പരിപാലിക്കുന്നു, ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അവനെ ഉപദേശിക്കുന്നു, പക്ഷേ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളായി സംസാരിക്കും, ”-അദ്ദേഹം പറഞ്ഞു.