Crime

മനുഷ്യരെ ആക്രമിക്കാത്ത ചെന്നായകള്‍ എന്നുമുതലാണ് നരഭോജികളായത്?

അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുരുന്നിനെവരെ കടിച്ചുകൊല്ലുന്ന നരഭോജി ചെന്നായ. യു പി ബഹ്റൈച്ചിലെ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. രണ്ട് മാസത്തിനിടെ ഈ മേഖലയില്‍ ചെന്നായ ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ 8 പേര്‍ കുട്ടികളാണ്. മനുഷ്യരെ സാധാരണയായി ആക്രമിക്കാത്ത ചെന്നായകള്‍ എപ്പോഴാണ് നരഭോജികളായത്? ആറു ചെന്നായകളടങ്ങുന്ന ഒരുകൂട്ടമാണ് ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നതെന്നാണ് വനംവകുപ്പിന്റെ അനുമാനം. ഇതില്‍ നാലെണ്ണത്തിനെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.

ചെന്നായക്കൂട്ടങ്ങള്‍ പൊതുവേ അവയ്ക്കു പറ്റിയ പ്രദേശങ്ങളില്‍ മാത്രമാണ് ജീവിക്കാറും ഇരപ്പിടിക്കാറുമുള്ളത്. ഒരു ഇരയെ അല്‍പ്പാല്‍പ്പമായി ഭക്ഷിച്ച് ഒത്തിരക്കാലം കഴിയുകയും ചെയ്യും. ഇവര്‍ മനുഷ്യരെ ആക്രമിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഒരുപാട് ഭക്ഷണം കഴിക്കുന്ന ചെന്നായകള്‍ പിന്നീട് കുറെക്കാലത്തേക്ക് വേട്ടയാടാനിറങ്ങികയുമില്ലെന്നും ഐഡബ്ല്യുസി (ഇന്റര്‍നാഷണല്‍ വോള്‍ഫ് സെന്‍റര്‍) പറയുന്നു . ചെന്നായ്ക്കള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് പുറത്തുകടക്കാത്ത ലജ്ജാശീലരായ ജീവികളാണെങ്കിലും മനുഷ്യവാസ കേന്ദ്രങ്ങള്‍ക്കടുത്ത് താമസിക്കുന്നത് മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇരപിടിക്കാൻ ഇറങ്ങുന്നതിന് കാരണമായേക്കാം.

ജീവശാസ്ത്രജ്ഞനായ യാദ്വേന്ദ്രദേവ് പറയുന്നത് പ്രകാരം നായ്ക്കളും ചെന്നായ്ക്കളും ചേര്‍ന്നുള്ള സങ്കര ഇനം മനുഷ്യരോടുള്ള സ്വാഭാവിക ഭയമില്ലാത്തവയായിരിക്കും. ഇവ അധികമായി ആക്രമണകാരികളാകാായി സാധ്യതയുണ്ട് . ഭക്ഷണ സ്രോതസ്സുകളുടെ ദൗര്‍ലഭ്യവും ഇത്തരത്തിലുള്ള ആക്രമണത്തിലേക്ക് നയിച്ചേക്കാം. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോഴും ഭീഷണി തോന്നിയും ചെന്നായ്കള്‍ ആക്രമിക്കും.

സാധാരണഗതിയില്‍ ചെറിയ ഇരകളെയും തങ്ങളേക്കാള്‍ ദുർബലമായ മൃഗങ്ങളെയുമായിരിക്കും ചെന്നായകള്‍ വേട്ടയാടുക. യുപിയിൽ ചെന്നായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് കൂടുതലും കുട്ടികളാണെന്ന് ഓര്‍ക്കുക. നരഭോജികളായ ചെന്നായ്ക്കല്‍ പലപ്പോഴും കുട്ടികളെയാണ് ഇരയാക്കുന്നത്. നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നേച്ചര്‍ റിസര്‍ച്ചിന്റെ പഠനമനുസരിച്ച് 2002-2020 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ തന്നെ മനുഷ്യര്‍ക്ക് നേരെ 26 മാരകമായ ചെന്നായ ആക്രമണങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ നാല്ലെണ്ണവും ഇന്ത്യയിലായിരുന്നു.

2020 വരെയുള്ള ഐഡബ്ല്യുസിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 4,400-7,100 ചെന്നായ്ക്കളുണ്ട്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യുള്‍ 1 പ്രകാരം ഇന്ത്യന്‍ ചെന്നായകള്‍ വേട്ടയാടുന്നതില്‍ നിന്ന് നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.