Crime

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ, പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ 300 വീഡിയോകൾ

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന ഒരു വിദ്യാര്‍ഥിയുടെ അറിയിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഗുഡിവാഡയിലെ ഗുഡ്‌വല്ലേരു കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരു രാപകല്‍ ധര്‍ണ നടത്തി. ക്യാമ്പസിലെ പെണ്‍കുട്ടികളുടെ സുരക്ഷയിലും സ്വകാര്യതയിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോളജ് കെട്ടിടത്തിന് മുന്നില്‍ തടിച്ചുകൂടി.

അതേസമയം, അതേ കോളേജിലെ വിദ്യാർത്ഥിയായിരുന്ന വിജയ് എന്ന പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി സംസ്ഥാന പോലീസ് അറിയിച്ചു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്ത് 300 ഓളം അശ്ലീല വീഡിയോകൾ കണ്ടെടുത്തു, അവ മറ്റ് വിദ്യാർത്ഥികൾക്ക് വിറ്റതായി പോലീസ് സംശയിക്കുന്നു. ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സംഭവം.

ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ക്യാമറ സ്ഥാപിക്കാന്‍ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വില്‍ക്കുന്നുവെന്ന് ആരോപിച്ച് മറ്റൊരു വിദ്യാര്‍ഥിയെ ചില വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കോളജിലെത്തി പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ പോലീസ് മേധാവി, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒളിക്യാമറകളൊന്നും പരിശോധയില്‍ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞു.

വിദ്യാര്‍ഥികളുടെയും കോളജ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംശയാസ്പദമായ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വീഡിയോകളൊന്നും കണ്ടെത്തിയില്ല. ഈ വിഷയത്തില്‍ പെണ്‍കുട്ടികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി. റാവു പറഞ്ഞു.