Movie News

രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലെ വേഷം കങ്കണ നിഷേധിച്ചു ; കാരണം താരത്തെ വിമര്‍ശിച്ചതിനാല്‍

രണ്‍ബീര്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായ സഞ്ജുവിലെ ഒരു വേഷം താന്‍ നിരസിച്ചതായി കങ്കണ റണാവത്ത് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ, ദിയാ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എന്നാല്‍ തനിക്ക് വെച്ചുനീട്ടിയ വേഷത്തിനായി സിനിമയിലെ നായകന്‍ രണ്‍ബീര്‍കപൂര്‍ നേരിട്ട് വീട്ടില്‍ വന്നു അഭ്യര്‍ത്ഥിച്ചിട്ടും വഴങ്ങിയില്ലെന്ന് നടി വ്യക്തമാക്കി. അതേസമയം വാഗ്ദാനം ചെയ്ത കഥാപാത്രത്തെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയില്ല.

താന്‍ പരസ്യമായി വിമര്‍ശിച്ചവരുമായോ പ്രൊഫഷണലായി നിരസിച്ചവരുമായോ ഇടപഴകുന്നത് അസഹ്യമാണെന്ന് സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെ നടി പറഞ്ഞിരുന്നു. എന്നാല്‍ ചില പ്രമുഖ താരങ്ങളില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ നിരസിച്ചിട്ടും അവരുമായുള്ള പ്രൊഫഷണല്‍ ബന്ധങ്ങളെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞുവെച്ചു.

സ്ത്രീകള്‍ക്ക് റോളുകള്‍ പരിമിതമാകുന്നതിനാലാണ് ബോളിവുഡിലെ മൂന്ന് ഖാന്‍മാരെ അവതരിപ്പിക്കുന്ന സിനിമ ഓഫറുകള്‍ നിരസിച്ചിരുന്നതെന്നും കങ്കണ വെളിപ്പെടുത്തി. താന്‍ നിരസിച്ചെങ്കിലും, ഖാന്‍മാര്‍ തന്നോട് എപ്പോഴും ദയയോടെയാണ് പെരുമാറുന്നതെന്നും വ്യക്തമാക്കി. പറയാന്‍ മനസ്സില്‍ വരുന്നത് കൃത്യമായി തൊടുക്കുന്നതില്‍ പ്രശസ്തയാണ് കങ്കണ.

മുമ്പ് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയെ ‘സ്വജനപക്ഷപാതത്തിന്റെ പതാകവാഹകന്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു കങ്കണ സംവിധായകന്‍ കരണ്‍ ജോഹറുമായി പരസ്യമായി വഴക്കിട്ടത്. 2023-ല്‍, രണ്‍ബീര്‍ കപൂറിനും കരണ്‍ ജോഹറിനും എതിരെ മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് തെറ്റായ കഥകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചു. ഇന്‍സ്റ്റാഗ്രാമില്‍, കങ്കണ വ്യവസായത്തിലെ ഏറ്റവും ഗോസിപ്പിയും അരക്ഷിതരുമായ വ്യക്തികള്‍ എന്നാണ് നടനെയും സംവിധായകനെയും വിശേഷിപ്പിച്ചത്. അവരെ ‘ദുര്യോധനന്‍, ശകുനി’ ജോഡി എന്ന് കളിയാക്കാനും മറന്നില്ല.