Movie News

ബോളിവുഡിനേക്കാള്‍ അത്ര മികച്ചതൊന്നുമല്ല ; ദക്ഷിണേന്ത്യയിലും സിനിമകള്‍ പരാജയപ്പെടുന്നുണ്ട്: തപ്‌സി പന്നു

ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോളിവുഡിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതാണെന്ന വാദം തെറ്റാണെന്നും ദക്ഷിണേന്ത്യയിലും ഹിറ്റുകള്‍ക്കൊപ്പം വമ്പന്‍ ഫ്‌ളോപ്പുകളും പതിവാണെന്ന് നടി തപ്‌സി പന്നു. തെലുങ്കിലും തമിഴിലും സിനിമാ അഭിനയം തുടങ്ങിയ തപ്‌സി ഇപ്പോള്‍ ഹിന്ദിസിനിമയില്‍ ഹിറ്റുകളുമായി ഇന്ത്യയിലെ ഏറെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇന്ത്യയിലെ ദക്ഷിണ ഉത്തര പ്രദേശങ്ങളില്‍ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് പ്രതികരിച്ചത്.

ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിസിനിമകളേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവയാണോ എന്ന ചോദ്യത്തിന് തനിക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ദക്ഷിണേന്ത്യയിലെ വിജയിക്കുന്ന സിനിമകള്‍ മാത്രമാണ് കാണുന്നതെന്നും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും പറഞ്ഞു.

എന്നാല്‍ ആദ്യദിവസം തന്നെ തീയേറ്റര്‍ വിടുന്ന സിനിമകളും ദക്ഷിണേന്ത്യയില്‍ ഉണ്ടെന്നും അത് ഹിന്ദി പേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നില്ലെന്നും പറഞ്ഞു. ഹിന്ദിയിലെ പോലെ തന്നെ തോല്‍വിയും വിജയവുമുള്ള ഇന്‍ഡസ്ട്രീയാണ് ദക്ഷിണേന്ത്യയിലേതെന്നും തപ്‌സി പറയുന്നു. ജനങ്ങള്‍ വരുന്ന എല്ലാ റിലീസുകളുടേയും പിന്നാലെ പോകാറില്ല. ഹിറ്റുകളുടേയും ഫ്‌ളോപ്പുകളുടേയും അനുപാതം വളരെ സാമ്യമുള്ളതാണെന്ന് അവര്‍ മനസ്സിലാക്കിയേക്കില്ല.

അതുപോലെ തന്നെ പ്രേക്ഷകരുടെ സിനിമ കാണുന്ന രീതിയും വ്യത്യസ്തമാണ്. ദക്ഷിണേന്ത്യയിലെ പ്രേക്ഷകര്‍ ആവേശമുള്ള സിനിമാ ആരാധകരാണ്. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരെ അവരുടെ വീടുകളില്‍ നിന്നും തീയേറ്ററിലേക്ക് സിനിമ കാണാന്‍ കുടുംബമായി എത്തിക്കുക വലിയ വെല്ലുവിളിയാണ്.

ദക്ഷിണേന്ത്യന്‍ സിനിമകള്‍ കൂടുതല്‍ സംഘടിതവും അച്ചടക്കവുമുള്ള സെറ്റുകളില്‍ നിര്‍മ്മിക്കപ്പെടുന്നവയാണെന്ന വാദവും തപ്‌സി തള്ളുന്നു. ഹിന്ദിയില്‍ എത്തും മുമ്പ് താനും ദക്ഷിണേന്ത്യയില്‍ തുടങ്ങിയ ആളാണ്. ഇപ്പോള്‍ ബോളിവുഡില്‍ കാണുന്നത് പോലെ തുടക്ക കാലത്ത് തനിക്കും സ്‌ക്രിപ്റ്റല്ല ഡയലോഗ് ഷീറ്റാണ് കിട്ടിയിരുന്നതെന്നും പറഞ്ഞു.