നല്ല ചൂട് കപ്പലണ്ടി അഥവാ നിലക്കടല ഇടനേരങ്ങളില്‍ കൊറിക്കാനങ്കിലും ഇഷ്ടമാകാത്തവര്‍ ആരുമില്ല. ധാരാളമായി പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിന് പുറമേ നിലക്കടലയില്‍ തയാമിനും, നിയാസിനും റൈബോഫ്ലോവിനും ഫോളിക് ആസിഡും ഫോസ്ഫറസ് , ഇരുമ്പ് , കോപ്പര്‍, മഗ്നീഷ്യം ഒലീയിക്ക് ആസിഡ് ആന്റീ ഒക്സിഡന്റുകളുമുണ്ട്.
നിലക്കടല കഴിച്ചാല്‍ വയറ് പെട്ടെന്ന് നിറയുകയും ചെയ്യും. ഇത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മറ്റ് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടല കഴിച്ചാല്‍ ഭാരം വര്‍ധിക്കും. ഗ്ലൈസീമിക് ഇന്‍ഡെക്സും കാര്‍ബോ ഹൈഡ്രേറ്റും കുറഞ്ഞതായതിനാല്‍ നിലക്കടല പ്രമേഹരോഗികള്‍ക്കും നല്ലതാണ്. എന്നാല്‍ ഊര്‍ജം കൂടുതലായതിനാല്‍ കൂടുതല്‍ അളവില്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു. കൂടുതലായി കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചിലും ഗ്യാസിന്റെ പ്രശ്നവും ചിലരില്‍ കണ്ടേക്കാം.
അതിനാല്‍ ഒരു ദിവസം ഒരുപിടി നിലക്കടല എന്ന രീതിയില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. സംസ്കരണത്തിന് വിധേയമാകാത്തതും പ്രത്യേക രുചികള്‍ ചേര്‍ക്കാത്തതുമായ നിലക്കടലയാണ് എപ്പോഴും നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കുന്നതിനായി നിലക്കടല പുഴുങ്ങി ഉപയോഗിക്കാം, വേവിച്ച നിലക്കടലയില്‍ കലോറിയും കുറവായിരിക്കും. അതിനാല്‍ തടി കുറയ്ക്കാന്‍ വേവിച്ച നിലക്കടല നല്ലാതാണ്.
കടല ഉപയോഗിച്ച് കൊണ്ട് രുചികരമായ ചാട്ട് ഉണ്ടാക്കാം. ഇതിനായി കുറച്ച് നിലക്കടല കുക്കറില്‍ വേവിച്ച് അതിലേക്ക് തക്കാളി , സവാള , പച്ചമുളക്, മല്ലിയില എന്നിവയൊക്കെ അരിഞ്ഞിടുക. പിന്നാലെ നാരാങ്ങനീരും ഉപ്പും കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.