Movie News

മമ്മൂട്ടി ഇതിഹാസം, അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യതയില്ല ; ദേശീയ പുരസ്‌ക്കാര ജേതാവ്‌ ഋഷബ് ഷെട്ടി

മമ്മൂട്ടി ഇതിഹാസനടന്‍ അദ്ദേഹത്തിനൊപ്പം മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവും കന്നഡതാരവുമായ നടന്‍ ഋഷബ് ഷെട്ടി. ദേശീയപുരസ്‌ക്കാര പഖ്യാപനത്തിന് ശേഷം അവിശ്വാസവും നന്ദിയും താരം അറിയിച്ചു. തന്റെ വിജയം പലരും പ്രവചിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ താന്‍ അത് പൂര്‍ണമായി വിശ്വസിച്ചിരുന്നില്ലെന്ന് ഋഷബ് ഷെട്ടി സമ്മതിച്ചു. വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ ആദ്യം അഭിനന്ദിച്ചത് ഭാര്യയാണെന്നും പറഞ്ഞു.

കന്താര എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകണമെന്ന് പറഞ്ഞു. ദേശീയ പുരസ്‌ക്കാരത്തില്‍ മമ്മൂട്ടിയുമായുള്ള മത്സരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”മമ്മൂട്ടി സാര്‍ ഒരു ഇതിഹാസമാണ്, ഇത്രയും വലിയ ഒരു നടന്റെ മുന്നില്‍ നില്‍ക്കാന്‍ പോലും എനിക്ക് ഉയരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങള്‍ മത്സരരംഗത്തുണ്ടെങ്കില്‍, ഞാന്‍ അവിശ്വസനീയമാംവിധം ഭാഗ്യവാനാണെന്ന് കരുതുന്നു.”ഷെട്ടി അഭിപ്രായപ്പെട്ടു.

വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് ശേഷം സംവിധായകനും ദേശീയ അവാര്‍ഡ് ജൂറി അംഗവുമായ എം ബി പത്മകുമാര്‍ പിന്നീട് മമ്മൂട്ടിയുടെ സിനിമകളൊന്നും അവാര്‍ഡിനായി മത്സരത്തിനുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മമ്മൂട്ടിയും ഋഷബ് ഷെട്ടിയും തമ്മില്‍ കടുത്ത മത്സരം ഉണ്ടെന്ന് സൂചന നല്‍കിയിട്ടും, മമ്മൂട്ടിയുടെ 2022 ലെ റിലീസുകള്‍ മത്സരത്തിന്റെ ഭാഗമല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് പ്രതീക്ഷിച്ച മത്സരമില്ലാതെ തന്നെ വിജയം ഉറപ്പാക്കാന്‍ ‘കാന്താര’ നടനെ അനുവദിച്ചു.