ദളപതി വിജയ് ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈമിന്റെ റിലീസുമായി ബന്ധപ്പെട്ട ജോലിയിലാണ്. വരാനിരിക്കുന്ന ഈ തമിഴ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ 5 ന് ലോകമെമ്പാടും റിലീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള നീക്കത്തിലാണ് സൂപ്പര്‍താരം.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി 2026 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഴുവന്‍ സമയവും ജനകീയ പ്രവര്‍ത്തനത്തില്‍ മുഴുകാനിരിക്കുകയാണ്. രാഷ്്ട്രീയ തിരക്ക് മൂലം സിനിമയില്‍ നിന്ന് പൂര്‍ണമായും പിന്മാറാന് തീരുമാനിച്ചിരിക്കുന്ന താരത്തിന്റെ അവസാന ചിത്രം ഏതായിരിക്കുമെന്ന ആകാംഷയില്‍ ആരാധകര്‍ കഴിയുമ്പോള്‍ ദളപതി വിജയ് തന്റെ അടുത്ത ചിത്രമായ ദളപതി 69 ല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി പറയപ്പെടുന്നു. വരാനിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ എച്ച് വിനോദാണെന്നാണ് റിപ്പോര്‍ട്ട്. 2014-ല്‍ സതുരംഗ വേട്ടൈയിലൂടെ അരങ്ങേറിയ വിനോദ് തീരന്‍ അധികാരം ഒണ്ട്രു (2017), നേര്‍കൊണ്ട പാര്‍വൈ (2019), വാലിമൈ (2022), തുനിവ് (2023), എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിജയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് ഒരു രാഷ്ട്രീയ ചിത്രമായിരിക്കുമെന്ന് വിനോദ് പറഞ്ഞത് അടുത്തിടെയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന വിജയ്ചിത്രം ‘ദളപതി 69’ ഒരു രാഷ്ട്രീയ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ വിജയ്യുടെ അവസാനത്തെയും എഴുപതാമത്തെയും ചിത്രം സംവിധാനം ചെയ്യുന്ന സംവിധായകന് മാരി സെല്‍വരാജ് ആയിരിക്കുമെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വിജയ് ചിത്രം ‘ദളപതി 70’ മാരി സെല്‍വരാജ് സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്. എന്നിരുന്നാലും, ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍, ധ്രുവ് വിക്രവും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ബൈസണിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.