Featured Sports

ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കൂലിപ്പണിക്കാരന്റെ മകൻ ഇനി പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ

ലോക കായികവേദിയില്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ പോരാട്ടവും ജാവനിലേക്ക് ആവാഹിച്ച് 92.97 മീറ്റര്‍ ദൂരത്തേക്ക് നദീം എറിഞ്ഞപ്പോള്‍ വീണത് സ്വര്‍ണ്ണപ്പതക്കവും അതിനൊപ്പം ഒരു ഒളിമ്പിക്‌സ് റെക്കോഡുമായിരുന്നു. ഒളിമ്പിക്സിലേക്ക് പോകാന്‍ പണമില്ലാതെ നദീമും പരിശീലകന്‍ സല്‍മാന്‍ ഫയാസ് ബട്ടും പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സഹായത്താലാണ് പാരീസിലെത്തിയത്. പാരീസിലേയ്ക്ക് പാക്കിസ്ഥാന്‍ തെരഞ്ഞെടുത്ത ഏഴ് അത്ലറ്റുകളില്‍ ഒരാള്‍. വ്യാഴാഴ്ച, പഞ്ചാബ് മേഖലയിലെ ഖനേവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ 27കാരന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ ഒരു ഒളിമ്പിക് റെക്കോര്‍ഡും രാജ്യത്തിന്റെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ്ണവും നല്‍കി ആ വിശ്വാസത്തിന് പ്രതിഫലം നല്‍കി.

മുന്‍ ഒളിമ്പിക് റെക്കോര്‍ഡായ 90.57 മീറ്ററും തകര്‍ത്ത് ജാവലിന്‍ പാഞ്ഞപ്പോള്‍ അതിര്‍ത്തിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും കടുത്ത എതിരാളിയും മുന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണജേതാവുമായ നീരജ് ചോപ്ര രണ്ടാമതായി. പാകിസ്താനിലെ ഒരു ദരിദ്ര കുടുംബത്തിലെ ഏഴു സഹോദരന്മാരില്‍ മൂന്നാമനായിരുന്നു ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ജാവലിന്‍ ത്രോ താരം നദീം. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന പിതാവ് കുടുംബത്തിന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ പോലും പാടുപെട്ടിരുന്നു.

വീടിന്റെ ഏക വരുമാനമാര്‍ഗ്ഗവും പിതാവായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു കുടുംബം മാംസം കഴിച്ചിരുന്നത്. അത് ഈദ് അല്‍-അദ്ഹ വരുമ്പോള്‍. ജ്യേഷ്ഠന്‍ ഷാഹിദ് അസീമിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തമായി ഒരു ജാവലിന്‍ വാങ്ങാന്‍ പോലും പണമില്ലായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്റെ പരിശീലനത്തിനായി തന്റെ പഴയ ജാവലിന്‍ മാറ്റി പുതിയത് നല്‍കണമെന്ന് അര്‍ഷാദ് അധികാരികളോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, ഇന്ത്യയുടെ നീരജ് ചോപ്ര ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നദീമിന്റെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു.

തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിനുള്ള ഫൈനലിലേക്ക് നദീം യോഗ്യത നേടിയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ വീട്ടില്‍ മാതാപിതാക്കളും സഹോദരന്മാരും ഭാര്യ രണ്ട് കുട്ടികളും സഹ ഗ്രാമവാസികളും മാതാപിതാക്കളും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ഏറെ നാളായി നദീം മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 90.18 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും നേടിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം 86.59 മീറ്റര്‍ എറിഞ്ഞ് ഫൈനലിലേക്ക് യോഗ്യത നേടി. ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം തന്റെ രാജ്യത്തിനായി സ്വര്‍ണം നേടിയപ്പോള്‍ നദീം ഫൈനല്‍ സ്റ്റാന്‍ഡിംഗില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പാകിസ്ഥാന്‍ മൊത്തം ഏഴ് അത്ലറ്റുകളെയാണ് പാരീസിലേക്ക് അയച്ചത്. അതില്‍ ആറ് പേര്‍ അതാത് ഇനങ്ങളുടെ ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ താരം നീരജ് ചോപ്രയുമായി നദീം മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്.