ഹിന്ദി സിനിമയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ‘താലി’ന്റെ 25-ാം വാര്‍ഷികം ഓഗസ്റ്റ് 13 ന് ചലച്ചിത്ര നിര്‍മ്മാതാവ് സുഭാഷ് ഘായി ആഘോഷിക്കാനിരിക്കുകയാണ്. സിനിമയുടെ ഏറ്റവും ഹൈലൈറ്റ് എ.ആര്. റഹ്മാന്റെ ഗാനങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ ഗായിക അല്‍ക്കാ യാഗ്നിക്ക് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ തീം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ എ ആര് റഹ്മാനുമായുള്ള ആദ്യ സംരംഭം തന്നെ ഉടക്കിലായിരുന്നു കലാശിച്ചതെന്നും അവസരം ഉപേക്ഷിക്കാന്‍വരെ ഗായിക തീരുമാനമെടുത്തിരുന്നു.
റഹ്മാനുമായുള്ള തന്റെ ആദ്യ സംരഭത്തെക്കുറിച്ച് ഗായിക തന്നെയാണ് വ്യക്തമാക്കിയത്. മുംബൈയില്‍ മറ്റു റെക്കോഡിംഗുകള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ റെക്കോര്‍ഡിംഗ് സെഷനുവേണ്ടി ചെന്നൈയില്‍ വരാന്‍ താന്‍ ആദ്യം മടിച്ചതായി ഒരു മാധ്യവുമായി നടത്തിയ അഭിമുഖത്തില്‍ അല്‍ക്ക വെളിപ്പെടുത്തി. ”മുംബൈയില്‍ മറ്റ് പാട്ടുകള്‍ക്കായി കമ്മിറ്റ് ചെയ്തതിനാല്‍ എനിക്ക് ആ ഗാനം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ സുഭാഷ് ജിയോട് പറഞ്ഞു. എന്നാല്‍ പോകാനായി അദ്ദേഹം നിര്‍ബന്ധിച്ചു. രാത്രി മുഴുവന്‍ ഉറക്കമിളയ്ക്കാന്‍ വയ്യെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”ഈ പാട്ട് പാടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ചിലത് നഷ്ടപ്പെടാന്‍ പോകുന്നു.” ഞാന്‍ ഇതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, സുഭാഷ് ജിയുമായുള്ള എന്താണ് സംസാരിച്ചതെന്ന് അമ്മ ചോദിച്ചു. ഞാന്‍ അമ്മയോട് വിവരം പറഞ്ഞു. അത് സുഭാഷ് ജിയുടെ സിനിമയായതിനാലും റഹ്മാന് സംഗീതം ചെയ്യുന്നതിനാലും പാട്ട് റെക്കോര്‍ഡുചെയ്യാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോകണമെന്ന് അമ്മ നിര്‍ബന്ധിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ ചെന്നൈയിലേക്ക് പോയത്.” ഗായിക പറഞ്ഞു.
രാത്രി ഏറെ വൈകി ജോലി ചെയ്യുന്ന റഹ്മാനെ കാത്തിരുന്ന അനുഭവങ്ങളെക്കുറിച്ചും അല്‍ക്ക പറഞ്ഞു. ”രാത്രി 9 മണിക്ക് എന്നെ സ്റ്റുഡിയോയിലേക്ക് വിളിച്ചെങ്കിലും പുലര്‍ച്ചെ 2 മണിയായിട്ടും റഹ്മാനും ടീമും എത്തിയില്ല. ഞാനും സുഭാഷ് ജിയും പുറത്ത് കൊതുകുകടിയും കൊണ്ടു കാത്തുനിന്നു. രാത്രിമുഴുവന്‍ ഉറക്കമിളയ്ക്കേണ്ടി വരുമെന്നും ഞാന്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍’ സുഭാഷ് ജി എന്നോട് നില്ക്കാന് ആവശ്യപ്പെട്ടു. പുലര്‍ച്ചെ 2 മണിക്ക് ശേഷം റഹ്മാന് എത്തി. വളരെ ഉന്മേഷവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്.”
രാത്രിയിലെ ജോലി തന്റെ ഏറ്റവും വലിയ പ്രശ്നമായി മാറി. മറുവശത്ത്, റഹ്മാന് രാത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ആദ്യം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, പിന്നീട് എആര്‍ റഹ്മാന്റെ വൈകിയുള്ള ജോലിയെ അല്‍ക്ക യാഗ്നിക് വിലമതിക്കാന്‍ പഠിച്ചു. ”പുലര്‍ച്ചെ 4 മണിക്ക് പാട്ട് പൂര്‍ത്തിയാക്കി.
എന്തുകൊണ്ടാണ് റഹ്മാന് രാത്രി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്ന് അപ്പോഴേക്കും എനിക്ക് മനസ്സിലായി. ഒരു പാട്ടിന്റെ പണിയെടുക്കാന്‍ പറ്റിയ സമയമായിരുന്നു അത്. കാരണം ഒരു ശല്യവുമില്ല. ആരും അകത്തേക്ക് കയറുന്നില്ല. സ്റ്റുഡിയോ തികച്ചും ശാന്തമായിരുന്നു. ഞങ്ങള്‍ മൂന്ന് പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, ” ഗായിക പറഞ്ഞു. ഇന്ത്യയിലും വിദേശത്തും വന്‍ ഹിറ്റായി മാറിയ സിനിമയിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.