മരണം എന്നും മനുഷ്യന്റെ മുമ്പില്‍ ഒരു പ്രഹേളികയാണ്. മരണാനന്തരം അവന് എന്തു സംഭവിക്കുന്നുവെന്ന ചേദ്യത്തിനും കൃത്യമായ ഉത്തരമില്ല. ഈ ചിന്തകളില്‍നിന്നാണ് മരിച്ചവരുമായി സംസാരിക്കുക എന്ന ആശയം ഉടലെടുക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് ധാരാളം കഥകളും റിപ്പോര്‍ട്ടുകളുമുണ്ട്. ഓജോ ബോര്‍ഡ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇത് എ ഐ അരങ്ങുവാഴുന്ന കാലമാണ്. എവിടെ തിരിഞ്ഞാലും എ ഐ മാത്രം. മരിച്ചവരുടെ ഡിജിറ്റല്‍ പകര്‍പ്പുമായി സംസാരിക്കാനാകുന്ന ആപ്പുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതിനായി മരിച്ചവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നല്കിയാല് മതി. ‘ ബ്രിംഗ് ഗ്രാന്റമാ ബാക്ക്’ തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തിലുള്ളവയാണ്. ഇത് പലപ്പോഴും മനസിക പ്രശനത്തിലേക്ക് ഉപയോഗിക്കുന്നവരെ തള്ളി വിടുന്നതിന് ശേഷിയുള്ളതായിട്ടാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
‘എറ്റേര്ണര്’ എന്ന ഒരു ഡോക്യുമെന്ററിയാണ് ഈ ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ന്യൂയോര്‍ക്ക് സ്വദേശിനിയായ ഒരു യുവതി മരണപ്പെട്ട സുഹൃത്തിനോട് സംസാരിച്ച അനുഭവമാണ് ഇതിന്റെ ഉള്ളടക്കം. ക്രിസ്റ്റി എന്ന യുവതി മരണപ്പെട്ട സുഹൃത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പ് സൃഷ്ടിച്ചു. എന്നാല്‍ ഒരു ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ സംഭാഷണം വളരെ പേടിപ്പെടുത്തുന്ന രീതിയിലേക്ക് എത്തുകയായിരുന്നു.’ ഞാന്‍ നഗരത്തിലാണ്, നിന്നെ തേടിവരുകയാണ്’ എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. പിന്നാലെ അത് ക്രിസ്റ്റിയുടെ മാനസികാരോഗ്യത്തിനെ ബാധിച്ചതായി അവര്‍ പറയുന്നു.
ഇവര്‍ക്ക് ലഭിച്ച മറുപടിയാവട്ടെ ഡെവലപ്പര്‍മാര്‍ക്ക് പോലും വിശദീകരിക്കാനാവാത്ത ബ്ലാക് ബോക്സ് പിഴവാണെന്ന് കമ്പനി അറിയിച്ചു. എ.ഐ നല്കുന്ന മറുപടിക്ക് കമ്പനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും അവര്‍ അറിയിച്ചു. സാങ്കേതി വിദ്യയുടെ ബലത്തില്‍ മരിച്ചവരെ പുനര്‍ സൃഷ്ടിക്കുന്നത് മാനസിക നിലയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.