Health

പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ ?

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന ഭീഷണിയായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാറിയിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു.

മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വെള്ളമോ പാനീയങ്ങ​ളോ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് കുടിക്കുമ്പോള്‍ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് പ്രവേശിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ പഠനത്തില്‍ പങ്കെടത്തവര്‍ക്ക് പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കാത്ത ദ്രാവകങ്ങള്‍ നല്‍കുകയും അവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവ് നിരീക്ഷിക്കുകയും ചെയ്തു.

ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ: ”ആദ്യമായി, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നു, ഒരുപക്ഷേ രക്തപ്രവാഹത്തിലെ പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കുറയുന്നത് ഇതിനു കാരണമാകാം,’പ്ലാസ്റ്റിക് ഉപഭോഗം കുറയുന്നതോടെ രക്തസമ്മര്‍ദ്ദം കുറയുന്നതിനെ സൂചിപ്പിക്കുന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, രക്തപ്രവാഹത്തില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് കണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു.’

പ്ലാസ്റ്റിക് കുപ്പികളില്‍ പാക്ക് ചെയ്ത പാനീയങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തോടെയാണ് പഠനം അവസാനിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, പ്ലാസ്റ്റിക് കുപ്പികളിലെ പാനീയങ്ങളിലൂടെ മനുഷ്യര്‍ ആഴ്ചയില്‍ ഏകദേശം 5 ഗ്രാം മൈക്രോപ്ലാസ്റ്റിക്സ് കഴിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
മൈക്രോപ്ലാസ്റ്റിക് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍, വെള്ളം തിളപ്പിച്ച് അരിച്ചെടുക്കാന്‍ പഠനം നിര്‍ദ്ദേശിക്കുന്നു. ഈ രീതികള്‍ മൈക്രോപ്ലാസ്റ്റിക്സിന്റെയും നാനോപ്ലാസ്റ്റിക്സിന്റെയും സാന്നിധ്യം ഏകദേശം 90% കുറയ്ക്കും.