Celebrity

സെറ്റിനെ സ്തംഭിപ്പിച്ച ‘സംഭവം’; ഷാരൂഖും സണ്ണിഡിയോളും മിണ്ടാതിരുന്നത് 16 വര്‍ഷം

ഷാരൂഖാന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത് നായക കഥാപാത്രത്തെക്കാള്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്. ഷാരൂഖിന്റെ വില്ലനിസം പ്രകടമായ ‘ബാസീഗര്‍’, ‘ഡര്‍’ സിനിമകളില്‍ നായകനേക്കാള്‍ ഗുണം കിട്ടിയത് വില്ലനായി അഭിനയിച്ച ഷാരൂഖിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമായ ഈ ചിത്രങ്ങളില്‍ സണ്ണിഡിയോള്‍ നായകനായ ‘ഡര്‍’ സിനിമയില്‍ വില്ലനായി യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ആമിര്‍ മുമ്പോട്ട് വെച്ച ചില കണ്ടീഷനുകളാണ് കഥാപാത്രം ഷാരൂഖിലേക്ക് എത്താന്‍ കാരണമായത്.

ജൂഹിചൗള നായികയായ സിനിമയില്‍ നിന്നും താന്‍ എന്തുകൊണ്ടാണ് പുറത്തായതെന്ന് ആമിര്‍ തന്നെ മുമ്പൊരിക്കല്‍ സുസ്മിതാ സെന്നുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയുടെ സംവിധായകന്‍ യാശ് ചോപ്ര കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ആമിറിനെ തന്നൊയിരുന്നു. മുമ്പ് പരമ്പര എന്ന സിനിമയ്ക്കായി ഒരുമിച്ചിരുന്നതിനാല്‍ യാശിന്റെ സംവിധാന ശൈലി ആമീറിന് ഏറെ ഇഷ്ടപ്പെടുകയും വീണ്ടും ഒരുമിക്കാനുള്ള സാധ്യത തേടുകയും ചെയ്തിരുന്നു. എന്നിരുന്നാലും രണ്ടു നായകന്മാര്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ചെയ്യുമ്പോള്‍ രണ്ടുപേരെയും ഇരുത്തി കഥ പറയണമെന്നതായിരുന്നു ആമിറിന്റെ കണ്ടീഷന്‍. ഇതിന് മുമ്പ് അന്‍ഡാസ് അപ്‌നാ അപ്‌നാ എന്ന സിനിമ സല്‍മാനൊപ്പം ചെയ്തപ്പോള്‍ ആമിര്‍ ഈ കണ്ടീഷന്‍ വെയ്ക്കുകയും സംവിധായകന്‍ അത് പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡറി ന്റെ കാര്യത്തില്‍ യാശ്‌ചോപ്ര ഇതിന് തയ്യാറല്ലായിരുന്നു. അതാണ് ആമിര്‍ പിന്നീട് സിനിമയില്‍ നിന്നും പുറത്താകാന്‍ കാരണമായത്.

പിന്നീട് സണ്ണി ഡിയോളും ഷാരൂഖും സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ സെറ്റില്‍ ഇരുവരും തമ്മിലുള്ള ഈഗോയും ശണ്ഠയും പിന്നീട് പതിവായി മാറി. സിനിമയില്‍ സണ്ണിഡിയോള്‍ ഒരു നേവി ഓഫീസറായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ സീനുകളില്‍ ഒന്നില്‍ സണ്ണിഡിയോളിന്റെ കഥാപാത്രം ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ പിന്നില്‍ നിന്നും ആക്രമിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഈ രംഗത്തിന്റെ കാര്യത്തില്‍ ഷാരൂഖും സണ്ണിഡിയോളും തമ്മില്‍ ധാരണാപിശകുണ്ടായി. ഇതില്‍ സണ്ണിഡിയോള്‍ കോപാകുലനാകുകയും ഷാരൂഖിനെ തന്റെ പാന്റ് ഊരിക്കാട്ടുകയും ചെയ്തത് സെറ്റിനെ ആകെ സ്തംഭിപ്പിച്ചു കളഞ്ഞു. ഈ സംഭവത്തിന് ശേഷം 16 വര്‍ഷമാണ് ഇരുവരും പിണങ്ങിയിരുന്നത്. പിന്നീട് കഴിഞ്ഞവര്‍ഷം സണ്ണിയുടെ ‘ഗദ്ദാര്‍ 2’ ന്റെ വിജയാഘോഷ വേളയില്‍ ഷാരൂഖ് തന്നെ നേരിട്ടെത്തിയാണ് മഞ്ഞുരുക്കിയത്.