Crime

മതിലിടിഞ്ഞ് 9 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഉച്ചത്തിലുള്ള ഡിജെ സംഗീതമെന്ന്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മതില്‍ ഇടിഞ്ഞ് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഉത്സവത്തോടനുബന്ധിച്ച് ഉച്ചത്തിലുള്ള ഡിജെ മോഡല്‍ ശബ്ദം മൂലമാകാമെന്ന ആരോപണവുമായി പ്രദേശവാസികള്‍. സാഗര്‍ജില്ലയില്‍ നടന്ന സംഭവത്തില്‍ 8 നും 15 നും ഇടയില്‍ പ്രായമുള്ള ഒമ്പത് കുട്ടികളാണ് മരിച്ചത്. ഹര്‍ദൗല്‍ ബാബ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിനിടെ സമീപത്തെ വീടിന്റെ മതില്‍ ചേര്‍ന്നിരിക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്.

മുളു പട്ടേലിന്റെ ഉടമസ്ഥതയിലുള്ള, ജീര്‍ണിച്ച വീടിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കായി സജ്ജീകരിച്ച ഡിജെ മോഡല്‍ ശബ്ദസംവിധാനത്തില്‍ നിന്നുള്ള ഉച്ചത്തിലുള്ള സംഗീതവും കാതടപ്പിക്കുന്ന ശബ്ദവും മുഴങ്ങുന്നതിനിടയില്‍ പ്രദേശത്തെ ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന മതില്‍ ഇടിയുകയായിരുന്നു.

മതപരമായ പരിപാടിയുടെ ഘോഷയാത്രയ്ക്കായി ഭഗവത്ഗീതയുമായി ബന്ധപ്പെട്ട കഥയെ അടിസ്ഥാനമാക്കി ചെറിയ കളിമണ്‍ ശിവലിംഗങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ അലങ്കാരവുമായി ബന്ധപ്പെട്ട ജോലിയില്‍ കുട്ടികള്‍ മതിലിനോട് ചേര്‍ന്നിരിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയില്‍ മതില്‍ കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഒമ്പത് കുട്ടികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വീട്ടുടമ മുലു കുശ്വാഹയ്ക്കും മതപരമായ ചടങ്ങുകളുടെ സംഘാടകരായ ശിവ് പട്ടേലിനും സഞ്ജീവ് പട്ടേലിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചത്തില്‍ വെച്ച സംഗീതത്തിന്റെ പ്രകമ്പനം കൊണ്ടാണ് ജീര്‍ണ്ണിച്ച മതില്‍ ഇടിഞ്ഞുവീണതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉച്ചത്തിലുള്ള സംഗീതം മൂലമുണ്ടാകുന്ന വൈബ്രേഷനുകള്‍ മഴയില്‍ നനഞ്ഞ ഭിത്തികളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും മനുഷ്യര്‍ക്ക് അത്യന്തം ഹാനികരമാണെന്നും ഇഎന്‍ടി സ്‌പെഷ്യലിസ്റ്റായ ഡോ രാകേഷ് ഗുപ്ത പറഞ്ഞു.

ഉച്ചത്തിലുള്ള ഡിജെ സംഗീതം അങ്ങേയറ്റം അപകടകരമാണ്. ഉച്ചത്തിലുള്ള സംഗീതത്തില്‍ നിന്നുള്ള വൈബ്രേഷനുകള്‍ ദുര്‍ബലമായ ഘടനകള്‍ തകരാന്‍ ഇടയാക്കും, പ്രത്യേകിച്ച് മഴ കാരണം ഭിത്തികള്‍ നനഞ്ഞിരിക്കുമ്പോള്‍. ഡിജെ സംഗീതത്തിന്റെ ശബ്ദ നിലവാരം പലപ്പോഴും 145 ഡെസിബെലില്‍ കൂടുതലാണ്. ഇത് തീവ്രമായ വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. ഒരു ശരാശരി വ്യക്തിക്ക്, 55 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദത്തിന്റെ അളവ് അഞ്ച് മിനിറ്റിലധികം നേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് ദോഷകരമാണെന്നാണ് വിദഗ്ദ്ധരും പറയുന്നത്.