Sports

ഒളിമ്പിക്‌സിനിടയില്‍ വിവാഹ മോതിരം നഷ്ടപ്പെട്ടു ; ഭാര്യക്ക് ഇറ്റാലിയന്‍ താരത്തിന്റെ ക്ഷമാപണ കത്ത്

ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇറ്റലിക്കാരനായ ജിയാന്‍മാര്‍ക്കോ തംബെരിക്ക് സ്വര്‍ണ്ണം നഷ്ടമായി. 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ ഹൈജമ്പര്‍ക്ക് തന്റെ വിവാഹമോതിരം നഷ്ടമായി. 2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റുകളുടെ പരേഡിനിടെയാണ് സംഭവം. ചടങ്ങില്‍ ഇറ്റലിയുടെ പുരുഷ പതാകവാഹകനായിരുന്നു ജിയാന്‍മാര്‍ക്കോ തംബെരി.

സെന്‍ നദിയിലെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ പതാക വീശിയപ്പോള്‍ 32കാരന്റെ വിരലില്‍ നിന്ന് മോതിരം തെന്നി നദിയില്‍ വീണു.
ഇന്‍സ്റ്റാഗ്രാമിലെ വിശദമായ കുറിപ്പില്‍, അദ്ദേഹം തന്റെ ഭാര്യ ചിയാര ബോണ്ടേമ്പി തംബെരിയോട് ക്ഷമാപണം നടത്തി. ”എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ. നദിയില്‍ വളരെയധികം വെള്ളം, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട ശരീരഭാരം, ഇറ്റാലിയന്‍ പതാക​യേന്തുന്നതിലെ അടങ്ങാത്ത ആവേശം… ഒരുപക്ഷേ ഈ മൂന്ന് കാര്യങ്ങളും. എന്റെ മോതിരം തെന്നിമാറിയതായി എനിക്ക് തോന്നി, അത് പറക്കുന്നത് ഞാന്‍ കണ്ടു.. കാഴ്ചയില്‍നിന്ന് മറയുന്നതുവരെ എന്റെ നോട്ടം അതിനെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.”

ജിയാന്‍മാര്‍ക്കോ ടാംബെരി തുടര്‍ന്നു, ” ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനത്തിന്റെ ഉദ്ഘാടന വേളയില്‍ ഇറ്റാലിയന്‍ ത്രിവര്‍ണ്ണ പതാക പരമാവധി ഉയരത്തില്‍ വഹിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ പറന്നുപോയ പ്രണയനഗരത്തിന്റെ നദീതടത്തില്‍ അത് എന്നുമെന്നും കിടക്കും. എനിക്ക് ഒരു ഒഴിവുകഴിവ് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇത്രയും ഭാവനാസമ്പന്നനാകുമായിരുന്നില്ല. ഇന്നലത്തെ കുസൃതിക്ക് കാവ്യാത്മകമായ ഒരു വശം ഉണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങളുടേതും ആ നദിയിലേക്ക് എറിഞ്ഞുകളയു…അങ്ങിനെ ചെയ്താല്‍ അവര്‍ എന്നേക്കും ഒരുമിച്ചായിരിക്കും. എന്റെ പ്രണയിനിയെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതിലും വലിയ സ്വര്‍ണ്ണവുമായി വീട്ടിലേക്ക് വരുന്നത് ഐശ്വര്യമാകട്ടെ!”

നിങ്ങള്‍ക്ക് മാത്രമേ ഇത് റൊമാന്റിക് ആയി മാറ്റാന്‍ കഴിയൂ എന്നായിരുന്നു ചിയാര ബോണ്ടെമ്പി തംബെരിയുടെ മറുപടി. ”2022 സെപ്റ്റംബറില്‍ ദമ്പതികള്‍ വിവാഹം കഴിച്ചു. ജിയാന്‍മാര്‍ക്കോ ടാംബെരി അവരുടെ വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഒരു ചിത്രവും അറ്റാച്ചുചെയ്തു.