രാഷ്ട്രീയപ്രവേശനത്തിന് തൊട്ടുമുമ്പായുള്ള അവസാന സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് തമിഴ്സൂപ്പര്‍താരം വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് വെങ്കട്പ്രഭുവിന്റെ ‘ഗോട്ട്’ സിനിമയോടെ വിനോദ വ്യവസായത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റും എടുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. വിജയ് യും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തില്‍ എത്തുന്ന സിനിമ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമയായിരിക്കുമെന്ന് ഇതിനകം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 5 നാണ് സിനിമ തീയേറ്ററുകള്‍ തേടിയെത്തുന്നത്. എന്നാല്‍ സിനിമയുടെ ഓഡിയോ ട്രെയ്ലര് ലോഞ്ചിന് സൂപ്പര്‍താരം ഉണ്ടാകില്ലെന്നാണ് വിവരം. ഈ പരിപാടിയുടെ സമയത്ത് വിജയ് തന്റെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിളിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ സെപ്തംബറില്‍ ട്രിച്ചിയില്‍ തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കും. ഓഗസ്റ്റില്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പരിപാടിയിലും താരത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്നാണ് സൂചനകള്‍. വിജയ് യുടെ കരിയറിലെ 69 ാമത് സിനിമയാണ് ഗോട്ട്. ഇരട്ടവേഷത്തിലാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
സിനിമയുടെ രണ്ടുഗാനങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായിട്ടാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ നൂനിയാണ് സിനിമയുടെ ക്യാമറാമെന്‍. യുവാന്‍ ശങ്കര്‍രാജയാണ് പശ്ചാത്തലസംഗീതം നല്‍കുന്നത്. പ്രശാന്ത്, സ്നേഹ, ലൈല, പ്രഭുദേവ, അജ്മല്‍, ജയറാം, പാര്‍വതി നായര്‍, വിടിവി ഗണേശ്, യോഗിബാബു, പ്രേംജി, വൈഭവ് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. 2026 ല്‍ തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വിജയ് ഉദ്ദേശിക്കുന്നത്.