Sports

സിക്‌സ് അടിച്ചാല്‍ റണ്‍സില്ല, വീണ്ടും അടിച്ചാല്‍ ഔട്ട്! സിക്‌സര്‍ നിരോധിച്ച് 234 വര്‍ഷത്തെ പാരമ്പര്യമുള്ള ക്ലബ്, കാരണം….

ലണ്ടന്‍: ക്രിക്കറ്റ് മത്സരം കാണുന്ന ആരാധകന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ് ഗാലറിയിലേക്ക് പറത്തിവിടുന്ന സിക്‌സറുകള്‍. സച്ചിനും കോഹ്ലിലും ഗില്ലുമൊക്കെ ആകാശമുട്ടെ ഉയരത്തില്‍ അടിച്ചുയര്‍ത്തുന്ന സിക്സറുകള്‍ ആരേയാണ് ആവേശംകൊള്ളിക്കാത്തത്. ട്വന്‍റി20 കളിയുടെ ആകര്‍ഷണംതന്നെ ഈ വെടിക്കെട്ട് ബാറ്റിംഗ് ആണ്.

എന്നാല്‍ ഇനിമുതല്‍ സിക്‌സറുകള്‍ അടിക്കുന്നതില്‍നിന്ന് ഒരു ടീം , അതിന്റെ താരങ്ങളെ വിലക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെസ്റ്റ് സസക്‌സിലെ സൗത്ത് വിക് ആന്‍ഡ് ഷോര്‍ഹാം ക്രിക്കറ്റ് ക്ലബ്ബാണ് ഇനിമുതല്‍ സിക്‌സറുകള്‍ വേണ്ടെന്ന് താരങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയത്. ഇവരുടെ ഗ്രൗണ്ടിന് സമീപത്തുള്ള അയല്‍വാസികള്‍ വ്യാപകമായ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സിക്‌സറുകള്‍ക്ക് ക്ലബ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. 1790ൽ രൂപീകൃതമായതാണ് ഈ ഇംഗ്ലിഷ് ക്രിക്കറ്റ് ക്ലബ്.

സിക്‌സറുകള്‍ മൂലം വീടുകളുടെ ജനല്‍പാളികളും കാറിന്റെ ഗ്ലാസും തകരുന്നതായിയാണ് അയല്‍ക്കാരുടെ പരാതി. പരാതി വ്യാപകമായതിന് പിന്നാലെയാണ് ഈ നിര്‍ദേശം കളിക്കാര്‍ക്ക് കൊടുത്തത്. ഇനി അബദ്ധവശാല്‍ സിക്‌സ് അടിച്ചാല്‍ ആ റൺസ് സ്‌കോര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതേയാള്‍തന്നെ വീണ്ടുംസിക്‌സ് അടിച്ചാല്‍ ഔട്ടായതായി കണക്കാക്കും.