Sports

നെഹ്രയ്ക്ക് പകരക്കാരനായി യുവ്‌രാജ് സിംഗ് കോച്ചായേക്കും; ഗുജറാത്ത് ടൈറ്റന്‍സും പരിശീലകനെ മാറ്റിയേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ നിരവധി ഫ്രാഞ്ചൈസികളുടെ കോച്ചിംഗ് സെറ്റപ്പില്‍ ചില പ്രധാന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോഷേറ്റ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നപ്പോള്‍ റിക്കി പോണ്ടിംഗും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യപരിശീലകന്റെ കാലാവധി അവസാനിപ്പിച്ചു.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് ടീമുകളും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ഹെഡ് കോച്ച് ആശിഷ് നെഹ്റയും ക്രിക്കറ്റ് ഡയറക്ടര്‍ വിക്രം സോളങ്കിയും ഐപിഎല്‍ 2025 ന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള തങ്ങളുടെ ബന്ധം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ചുമതല ഏറ്റെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണില്‍ ജിടിക്ക് എത്താനായത്.

ഐപിഎല്‍ 2022 ലാണ് നെഹ്റയും സോളങ്കിയും ടൈറ്റന്‍സില്‍ ചേര്‍ന്നത്. അരങ്ങേറ്റ സീസണില്‍ അവര്‍ ഫ്രാഞ്ചൈസിയെ അവരുടെ കന്നി കിരീടത്തിലേക്ക് നയിച്ചു, അത് വളരെ വലിയ നേട്ടമായിരുന്നു. ഐപിഎല്‍ 2023-ല്‍ ഫൈനല്‍ വരെ എത്താനും അവര്‍ക്കായി. അവിടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടാണ് പരാജയപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീം വന്‍ പരാജയമായിരുന്നു. ഇതോടെയാണ് സ്ഥാനം തെറിച്ചത്.

മുംബൈ ഇന്ത്യന്‍സിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പോയതും പരിക്കേറ്റ മുഹമ്മദ് ഷമിയുടെ സേവനം നഷ്ടമായതും വലിയ തിരിച്ചടിയയി. പുതിയ സീസണില്‍ ഫ്രഷായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന അവര്‍ മുന്‍ ഇന്ത്യന്‍താരം യുവരാജ്‌സിംഗിനെ പരിശീലകനാക്കിയേക്കും.