Oddly News

കെന്നഡി മുതല്‍ ട്രംപ് വരെ; 50 വർഷത്തിനിടയില്‍ യുഎസ് പ്രസിഡന്റുമാര്‍ക്കു നേരേ നടന്ന കൊലപാതകങ്ങളും ശ്രമങ്ങളും

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ജൂലൈ 13നായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ റാലിയില്‍ വെടിയൊച്ചകള്‍ മുഴങ്ങിക്കേട്ടത്. ഒന്ന് ട്രംപിന്റെ വലതു ചെവിയില്‍ പതിച്ചെങ്കിലും സാരമായി പരിക്കേറ്റില്ല. റാലിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തോക്കുധാരിയെ രഹസ്യസേനാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു.

മുന്‍ പ്രസിഡന്റിന് നേരെ വെടിയുതിര്‍ക്കാന്‍ 20 കാരനായ തോമസ് ക്രൂക്സിനെ പ്രേരിപ്പിച്ചത് എന്താണെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ആക്രമണത്തെ ഒരു ‘കൊലപാതകശ്രമം’ ആയി യുഎസ് കണക്കാക്കുന്നു. ട്രംപിന് നേരെ നടന്ന വധശ്രമം അമേരിക്കന്‍ പ്രസിഡന്റുമാരുടെ ‘വെടിയേറ്റ് മരണ ചരിത്ര’ ത്തിലെ അവസാന ശ്രമമായി വിലയിരുത്തപ്പെടുന്നു.

1981: റൊണാള്‍ഡ് റീഗന്‍

അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോള്‍ ആദ്യമായി വെടിയേല്‍ക്കുന്നയാള്‍ റൊണാള്‍ഡ് റീഗനാണ്. വാഷിംഗ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് പുറത്തേക്ക് പോകുന്നതിനിടെയാണ് റൊണാള്‍ഡ് റീഗന് വെടിയേറ്റത്.

ചുറ്റുമുള്ള ജനക്കൂട്ടത്തില്‍ നിന്ന് തോക്കുധാരി റീഗന് നേരെ നിറയൊഴിച്ചു. ബുള്ളറ്റ് പാഞ്ഞുകയറി അത് ഒരു വാരിയെല്ലില്‍ കയറി. റീഗന്‍ ഏകദേശം രണ്ടാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു. സുഖം പ്രാപിച്ചതിന് ശേഷം റീഗന്‍ പ്രസിഡന്റായി തുടരുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വെടിവെയ്പ്പ് സംഭവം റീഗന്റെ റേറ്റിംഗുകള്‍ ഉയര്‍ത്തി.

മാനസികരോഗിയായ 25 കാരന്‍ ഹിങ്ക്‌ലിയായിരുന്നു നിറയൊഴിച്ചത്. മാനസികസ്വാസ്ഥ്യം രൂക്ഷമായ ഹിങ്ക്ലി വധശ്രമത്തിന് പറഞ്ഞ ന്യായം കൗതുകകരമായിരുന്നു. നടി ജോഡി ഫോസ്റ്ററുടെ ശ്രദ്ധനേടാന്‍ വേണ്ടിയായിരുന്നു പ്രസിഡന്റിനെ വെടിവെച്ചത്. 1982-ല്‍, ഭ്രാന്ത് കാരണം അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഒരു മാനസികരോഗാശുപത്രിയില്‍ ചികിത്സിക്കാന്‍ ഉത്തരവിട്ടു. 2022-ല്‍ സൈക്യാട്രിക് മേല്‍നോട്ടത്തില്‍ നിന്ന് മോചിതനായ ഹിങ്ക്‌ലി ഒരു ചിത്രകാരനും നാടോടി ഗായകനുമായി. എന്നിരുന്നാലും ഇപ്പോഴും വധശ്രമവുമായി ബന്ധപ്പെട്ടാണ് ആള്‍ക്കാര്‍ ഹിങ്ക്ലീയെ ഓര്‍മ്മിക്കുന്നത്.

ഈ വര്‍ഷമാദ്യം കണക്റ്റിക്കട്ട് ന്യൂസ് സ്റ്റേഷനോട് നടത്തിയ അഭിമുഖത്തില്‍ ഹിങ്ക്ലി പറഞ്ഞു. ‘ ”ഞാന്‍ ഒരു അക്രമ പ്രവര്‍ത്തനത്തിന് പേരുകേട്ടവനാണെന്ന് എനിക്കറിയാം. എന്നാല്‍ 1981-ല്‍ നിന്ന് തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ സമാധാനത്തിനായി നിലകൊള്ളുന്നു.

1975: ജെറാള്‍ഡ് ഫോര്‍ഡ്

പ്രസിഡന്റായിരുന്ന കാലത്ത് ജെറാള്‍ഡ് ഫോര്‍ഡ് രണ്ട് കൊലപാതക ശ്രമങ്ങള്‍ക്ക് വിധേയനായിരുന്നു. 1975 കളില്‍ രണ്ട് വ്യത്യസ്ത സ്ത്രീകള്‍ വെറും 17 ദിവസത്തിന്റെ വ്യത്യാസത്തില്‍ കൊല്ലാന്‍ ശ്രമിച്ചു. കുപ്രസിദ്ധമായ ചാള്‍സ് മാന്‍സണ്‍ കുടുംബത്തിലെ അംഗമായ ലിനറ്റ് ‘സ്‌ക്വീക്കി’ ഫ്രോം ആയിരുന്നു ആദ്യ ശ്രമം നടത്തിയത്. 1975 സെപ്റ്റംബര്‍ 5 ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നടക്കുമ്പോള്‍ ഫ്രോം ഫോര്‍ഡിന് നേരെ കാഞ്ചിവലിച്ചെങ്കിലും വെടിയേറ്റില്ല.. ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ അവളെ പിടികൂടുകയും ചെയ്തു.

2009 ലാണ് ഫ്രോം ജയില്‍ മോചിതയായത്. രണ്ടാമത്തെ ശ്രമം നടന്നത് സെപ്തംബര്‍ 22-ന് സാന്‍ ഫ്രാന്‍സിസ്‌കോ ഹോട്ടലിന് പുറത്ത് സാറാ ജെയ്ന്‍ മൂര്‍ നടത്തിയതാണ്. ഇത്തവണയും ഫോര്‍ഡിന് വെടിയേറ്റില്ല. ശ്രമം ഒരു വഴിയാത്രക്കാരന്‍ തടസ്സപ്പെടുത്തി. അമേരിക്കയില്‍ ഒരു സായുധവിപ്ലവം സൃഷ്ടിക്കാന്‍ ഈ കൊലപാതകം കൊണ്ട് ആഗ്രഹിക്കുന്നതായി മൂര്‍ പറഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലില്‍ കഴിഞ്ഞ മൂര്‍ 32 വര്‍ഷത്തിനുശേഷം എഴുപത്തേഴാം വയസ്സിലാണ് മോചിതയായത്. അമേരിക്കന്‍ പ്രസിഡന്റ് വധശ്രമങ്ങളിലെ ഒരേയൊരു സ്ത്രീ അക്രമികള്‍ ഇവരായിരുന്നു.

1972: ജോര്‍ജ്ജ് വാലസ്

മേരിലാന്‍ഡ് ഷോപ്പിംഗ് മാളില്‍ ഡെമോക്രാറ്റിക്കുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രചാരണം നടത്തുമ്പോഴാണ് അലബാമയിലെ ഗവര്‍ണര്‍ ജോര്‍ജ്ജ് വാലസിന് നേരെ വധശ്രമം നടന്നത്. വാലസ് അറിയപ്പെടുന്ന ഒരു വിഘടനവാദിയും വംശീയവാദിയുമായിരുന്നു. തന്റെ പ്രസംഗത്തിനിടയില്‍, വെള്ളക്കാരായ അമേരിക്കക്കാര്‍ എങ്ങനെ ‘മറക്കപ്പെടുന്നു’ എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോഴാണ് ബ്രെമര്‍ വാലസിന് നേരെ വെടിവെച്ചത്.
അഞ്ചുതവണ നിറയൊഴിച്ചു. മരണപ്പെട്ടില്ലെങ്കിലും ആ വധശ്രമം വാലസിനെ അര മുതല്‍ തളര്‍ത്തി. വാലസിനെയോ റിച്ചാര്‍ഡ് നിക്‌സണെയോ കൊല്ലാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ബ്രെമര്‍ ഒരു ഡയറി എഴുതിയിരുന്നു. അത്തരമൊരു കൊലപാതകം കൊണ്ടുവരുന്ന പ്രശസ്തിയായിരുന്നു വധശ്രമത്തിന് ബ്രെമറെ പ്രചോദിപ്പിക്കപ്പെട്ടതെന്നായിരുന്നു കുറിച്ചിരുന്നത്. വാലസ് പിന്നീടും രാഷ്ട്രീയത്തില്‍ തുടര്‍ന്നു. എന്നാല്‍ താന്‍ തുന്നിച്ചേര്‍ത്ത വിഭജനത്തിന്റെ കറുപ്പിനെക്കുറിച്ച് ബോദ്ധ്യപ്പെട്ട അദ്ദേഹം കറുത്തവര്‍ഗ്ഗക്കാരോട് മാപ്പ് തേടുകയും ചെയ്തു.

1968: റോബര്‍ട്ട് കെന്നഡി

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കൊല്ലപ്പെട്ട് മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് റോബര്‍ട്ട് കെന്നഡിയുടെ മരണം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പ്രചാരണത്തിനിടെ, റോബര്‍ട്ട് കെന്നഡി കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലെ അംബാസഡര്‍ ഹോട്ടലില്‍ വെച്ച് ജൂണ്‍ 5 നായിരുന്നു വെടിയേറ്റ് മരിച്ചത്. കൊലപാതകം 1968 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തി

മൂന്ന് തവണയായിരുന്നു സിര്‍ഹാന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ റോബര്‍ട്ട് കെന്നഡി പിറ്റേന്ന് മരണമടഞ്ഞത്. വെടിവെപ്പ് നടന്ന ബോള്‍റൂമില്‍ നിരവധി പേര്‍ ചേര്‍ന്ന് സിര്‍ഹാനെ അപ്പോള്‍ തന്നെ കീഴ്‌പ്പെടുത്തിയിരുന്നു.

സംഭവത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് വെടിയേറ്റെങ്കിലും എല്ലാവരും സുഖം പ്രാപിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷമാണ് റോബര്‍ട്ട് കെന്നഡിയെ വെടിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഫലസ്തീനിയായ സിര്‍ഹാന്‍ പറഞ്ഞത്. കെന്നഡി ഇസ്രായേലിന് നല്‍കിയ പിന്തുണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്രായേലിലേക്ക് 50 യുദ്ധവിമാനങ്ങള്‍ അയയ്ക്കുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. 1969 ഏപ്രില്‍ 17-ന് സിര്‍ഹാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഗ്യാസ് ചേമ്പറില്‍ വെച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ആ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

1963: ജോണ്‍ എഫ്. കെന്നഡി

എബ്രഹാം ലിങ്കണ്‍ (1865), ജെയിംസ് ഗാര്‍ഫീല്‍ഡ് (1881), വില്യം മക്കിന്‍ലി (1901) എന്നിവര്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കെ കൊല്ലപ്പെടുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു കെന്നഡി, അധികാരത്തിലിരിക്കെ ഏറ്റവും ഒടുവില്‍ മരിച്ചയാളും. ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വിഷയമായി തുടരുന്നുണ്ട്.

1963 നവംബര്‍ 22-ന് തന്റെ ഭാര്യ ജാക്വലിനോടൊപ്പം വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോള്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന മുന്‍ നാവികന്‍ ടെക്സസിലെ ഡൗണ്‍ടൗണില്‍ വെച്ചാണ് പ്രസിഡന്റ് കെന്നഡിയെ വധിച്ചത്. ഉടന്‍ തന്നെ പാര്‍ക്ക്ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. കൊലപാതകത്തിന് തൊട്ടുപിന്നാലെ, ടെക്സാസ് സ്‌കൂള്‍ ബുക്ക് ഡിപ്പോസിറ്ററിയില്‍ ഒരു സ്നൈപ്പര്‍ പെര്‍ച്ച് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീ ഹാര്‍വി ഓസ്വാള്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം അന്വേഷിക്കുന്ന വാറന്‍ കമ്മീഷന്‍ 1964-ല്‍ സോവിയറ്റ് യൂണിയനില്‍ താമസിച്ചിരുന്ന മുന്‍ നാവികനായ ഓസ്വാള്‍ഡ് ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചതായി നിഗമനം ചെയ്തു. ജാണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം പോലീസ് ആസ്ഥാനത്ത് നിന്ന് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ഡാളസ് നിശാക്ലബ് ഉടമയായ ജാക്ക് റൂബി എന്നയാള്‍ ഓസ്വാള്‍ഡിനെയും വെടിവെച്ചു കൊന്നു. കെന്നഡി വധം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഒരു കുത്തൊഴുക്ക് ആരംഭിച്ചു, അത് ഇന്നും വ്യാപകമായ ചര്‍ച്ചാവിഷയമായി തുടരുന്നു.