Movie News

അന്ന് നയന്‍താരയും തൃഷയും കണ്ടാല്‍ മിണ്ടില്ലായിരുന്നു; കാരണം വിജയ് ചിത്രത്തിലെ നായികാവേഷം?

കരിയറിന്റെ തുടക്കത്തില്‍ ജനപ്രിയ നടിമാരായ തൃഷ കൃഷ്ണനും നയന്‍താരയും ശക്തമായ ബന്ധവും സൗഹൃദവും ഉള്ളവരായിരുന്നു. ഏകദേശം രണ്ടു ദശകമായി രണ്ട് നടിമാരും ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഇരുവര്‍ക്കും ആഗോളതലത്തില്‍ ആരാധകവൃന്ദമുണ്ട്. എന്നിരുന്നാലും, ചില പഴയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരും തമ്മില്‍ ഒരു കാലത്ത് സംസാരിച്ചിരുന്നില്ല എന്നാണ്.

ചില പ്രൊഫഷണല്‍ കാരണങ്ങള്‍ ഇവരുടെ സൗഹൃദത്തെ ആകെ ഉലച്ചുകളഞ്ഞു. 2008ലെ ഒരു പഴയ റിപ്പോര്‍ട്ട് പ്രകാരം തൃഷയും നയന്‍താരയും തമ്മില്‍ വിജയ് ചിത്രമായ കുരുവിയെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തില്‍ നായികാ വേഷത്തിനായി രണ്ട് നടിമാരെയും ആദ്യം പരിഗണിച്ചിരുന്നു. ഒടുവില്‍ തൃഷയെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമായതായി പറയപ്പെടുന്നു. ഈ വാര്‍ത്ത വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും പിന്നീട് ഇന്ത്യ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തൃഷ ഈ കിംവദന്തികള്‍ നിഷേധിച്ചു.

എന്നാല്‍ രണ്ട് നടിമാരും വര്‍ഷങ്ങളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അടുത്തിടെ, നയന്‍താരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കാനും തൃഷ തീരുമാനിച്ചു. ഊഹാപോഹങ്ങളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പ്രശ്നമില്ലെന്നും അഭിമുഖത്തില്‍ അവര്‍ സൂചിപ്പിച്ചു.

”ചില കാര്യങ്ങളുടേയും വ്യക്തിപരമായ പ്രശ്നങ്ങളുടെയും പേരില്‍ ഞങ്ങള്‍ക്ക് ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ടതല്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതലും ഉണ്ടാക്കിയത് മാധ്യമങ്ങളാണ്.” തൃഷ പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് നയന്‍താരയും പ്രതികരിച്ചു. തങ്ങളുടെ ദീര്‍ഘകാല വേര്‍പിരിയലിന് കാരണം ചില തെറ്റിദ്ധാരണകള്‍ ആയിരുന്നു. ബന്ധം പരിഹരിക്കാനും തങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ശ്രമിച്ചതിന് തൃഷയെ അഭിനന്ദിക്കുകയും ചെയ്തു.