Featured Oddly News

ആക്രി കച്ചവടം അത്രമോശമൊന്നുമല്ല ! യുവാവ് സമ്പാദിച്ചത് 56 ലക്ഷം രൂപ

നമ്മുടെ ചുറ്റും നിറഞ്ഞു കിടക്കുന്നത് നിരവധി മാലിന്യങ്ങളാണ്. എന്നാല്‍ അവയില്‍ നിന്നൊക്കെ ഉപയോഗപ്രദമായ പല വസ്തുക്കളും കണ്ടെത്തുന്നവരാണ് ആക്രിക്കാര്‍. ഇത്തരക്കാരെ പലരും അവജ്ഞയോടെയാണ് കാണുന്നത്. എന്നാല്‍ ആക്രി സാധനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച വാര്‍ത്തയാണ് പുറത്തു വരുന്നത്. ലിയോനാര്‍ഡോ ഉര്‍ബാനോ എന്ന യുവാവാണ് ആക്രി പെറുക്കി കഴിഞ്ഞ വര്‍ഷം മാത്രം, ഇത്തരത്തില്‍ 56 ലക്ഷം (1,00,000 ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപ ഈ ബിസിനസില്‍ നിന്ന് നേടിയത്.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ തെരുവോരങ്ങളില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങളില്‍ നിന്ന് ഉര്‍ബാനോ തനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ പെറുക്കിയെടുക്കുകയാണ് പതിവ്. ഇതിനായി എല്ലാദിവസവും രാവിലെ അദ്ദേഹം തന്റെ സൈക്കിളിലോ കാറിലോ സാധനങ്ങള്‍ തേടി പോകും. ഉപയോഗശൂന്യമായ സാധനങ്ങള്‍ ഒഴിവാക്കാന്‍ പൗരന്‍മാര്‍ക്ക് അവസരം നല്‍കുന്ന പരിപാടികള്‍ ഓസ്‌ട്രേലിയയിലെ പ്രാദേശിക കൗണ്‍സിലുകള്‍ വര്‍ഷാവര്‍ഷം സംഘടിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ അവരുടെ ഫര്‍ണിച്ചറുകളടക്കം പല വീട്ടുസാധനങ്ങളും ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന് ഉര്‍ബാനോയ്ക്ക് ബാഗുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, കോഫി മെഷീന്‍ തുടങ്ങി വിലപിടിപ്പുള്ള പല സാധനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

ആളുകള്‍ക്ക് പുതിയ സാധനങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ കയ്യിലുള്ള പഴയ സാധനങ്ങള്‍ തെരുവുകളില്‍ ഉപേക്ഷിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഉര്‍ബാനോ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങള്‍ ഇദ്ദേഹം നന്നായി വൃത്തിയാക്കി അതിന്റെ എല്ലാം പ്രശ്നങ്ങളും പരിഹരിച്ച ശേഷമാണ് വില്‍ക്കുന്നത്. ഓരോ ദിവസവും ശേഖരിക്കുന്ന സാധനങ്ങള്‍ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുവരുകയും ഇതിലെ കുറച്ച് ഇനങ്ങള്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉര്‍ബാനോ വില്‍ക്കുകയും ചെയ്യാറുണ്ട്.

സ്ഥലപരിമിതി കാരണം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കയ്യിലുള്ള സാധനങ്ങള്‍ വിറ്റു തീര്‍ക്കാനും ശ്രമിക്കാറുണ്ട്. അടുത്തിടെ അദ്ദേഹത്തിന് ലഭിച്ച ഒരു ചെറിയ ഫെന്‍ഡി ബാഗ് ഏകദേശം 200 ഡോളറിനാണ് വിറ്റത്. ഇത്തരത്തില്‍ 50-ലധികം ടെലിവിഷന്‍ സെറ്റുകള്‍, 30 ഫ്രിഡ്ജുകള്‍, 20 ലേറെ വാഷിംഗ് മെഷീനുകള്‍, 50 കമ്പ്യൂട്ടറുകള്‍, 15 കട്ടിലുകള്‍, 150ലേറെ ചെടി ചട്ടികള്‍, 100ലധികം വിളക്കുകള്‍, എന്നിവയും ഉര്‍ബാനോവിന് ലഭിച്ചിരുന്നു.