Movie News

വിനോദയാത്രയില്‍ കൊള്ളയടിക്കപ്പെട്ടു ; ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി

ഇറ്റലിയില്‍ വിനോദസഞ്ചാരത്തിന് പോയി കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി ദിവ്യാങ്കാ ത്രിപാഠി. സാമൂഹ്യമാധ്യമം വഴി നടി നടത്തിയ അഭ്യര്‍ത്ഥന ഇന്ത്യന്‍ ആരാധകരും ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും ഏറ്റെടുക്കുകയും ഇറ്റലിക്ക് സംഭവം നാണക്കേടായി മാറുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇറ്റലിയില്‍ കുടുങ്ങിയ അവസ്ഥയിലാണ് നടി.

ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലുകള്‍ വഴി കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരിയാണ്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു നടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. നഗരത്തില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ നടിയുടെ പക്കല്‍ നിന്നും നഷ്ടമായ ബാഗില്‍ പാസ്‌പോര്‍ട്ട്, പണം, വിലപ്പെട്ട രേഖകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. തന്റെ ആശങ്കയും നിരാശയും നടി പോസ്റ്റില്‍ വ്യക്തമാക്കി. ട്രിപ്പുമായി മുമ്പോട്ട് പോകാന്‍ തനിക്ക് ധൈര്യം കിട്ടുന്നില്ലെന്നും നടി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

കൊള്ളയടിക്കപ്പെടുന്നത് വരെ വളരെ ആവേശത്തോടെയാണ് താന്‍ ഇറ്റലിയില്‍ വിനോദസഞ്ചാരം നടത്തിയിരുന്നതെന്നും സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നിരുന്നാലും മോഷണവും കൊള്ളയും ഇവിടെ സാധാരണ സംഭവം പോലെയായെന്നും തന്റെ ആകാംക്ഷയും പ്രതീക്ഷയും നഷ്ടമായെന്നും എങ്ങിനെ ഇറ്റലി വീണ്ടും സന്ദര്‍ശിക്കാന്‍ തനിക്കും തന്റെ നാട്ടുകാര്‍ക്കും ധൈര്യം വരുമെന്നും നടി പോസ്റ്റില്‍ ചോദിക്കുന്നു. തന്റെ പോസ്റ്റില്‍ നടി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും ടാഗ് ചെയ്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയും വിഷയത്തില്‍ ഇടപെടുകയും നടിക്ക് സഹായം തേടി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അധികൃതരുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗവും നമ്പറും വിവരങ്ങളും ആരാധകരോടും നടി ചോദിച്ചിട്ടുണ്ട്. നടിക്ക് പിന്തുണയുമായി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. വാക്കുകൊണ്ടും മറ്റും നടിയെ ആശ്വസിപ്പിക്കാന്‍ അവര്‍ രംഗത്ത് വന്നു. ഇറ്റലിയിലുള്ള ഇന്ത്യാക്കാരായ ആരാധകര്‍ അടക്കം തങ്ങളെ ബന്ധപ്പെടാനുള്ള നമ്പറും അഡ്രസുമെല്ലാം നടിക്ക് പങ്കുവെച്ചിട്ടുണ്ട്.

ഇറ്റലിയിലെ വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ സംഭവം ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. സഹായത്തിനായുള്ള ദിവ്യാങ്ക ത്രിപാഠിയുടെ അഭ്യര്‍ത്ഥന വൈറലായിരിക്കുകയാണ്. ഇറ്റാലിയന്‍ അധികാരികള്‍ അവളെ സഹായിക്കാന്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു.