Sports

പരിശീലകനായി ഗൗതംഗംഭീര്‍ കയറുന്നത് ലോകറെക്കോഡിലേക്ക് ; കാത്തിരിക്കുന്നത് കിട്ടാകിരീടം

രാഹുല്‍ദ്രാവിഡിന്റെ പകരം ഇന്ത്യയുടെ പരിശീലകനായി ഗൗതംഗംഭീര്‍ ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമുമായുള്ള ബന്ധം പിരിഞ്ഞതോടെ പുതിയപരിശീലകന്‍ എന്ന് സ്ഥാനമേല്‍ക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതോടെയാണ് ഗംഭീറിന് നറുക്കു വീണത്.

പരിശീലകനായി വ്യാഴാഴ്ച ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഗംഭീര്‍ മറ്റൊരു റെക്കോഡിലേക്കാകും കാല്‍വെയ്പ്പ് നടത്തുക. ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ലോകകപ്പ് നേടിയിട്ടുള്ള ഏക പരിശീലകന്‍ എന്ന പദവിയാകും ഗംഭീറിനെ തേടി വരിക. 2007 ല്‍ ആദ്യ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ഗംഭീര്‍ ഫൈനലില്‍ പാകിസ്താനെതിരേ 75 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ വിജയം നേടിയപ്പോഴും ടീമില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുകയും ശ്രീലങ്കയ്ക്ക് എതിരേ ഫൈനലില്‍ ടോപ്‌സ്‌കോററായതും ഗംഭീറായിരുന്നു. 97 റണ്‍സായിരുന്നു ഗംഭീര്‍ അന്ന് സ്‌കോര്‍ ചെയ്തത്.

ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്ന ഗംഭീറിന് കിട്ടാതെ പോയ ഏക ലോകകപ്പ് ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ്പാണ്. പുതിയതായി ചുമതലയേല്‍ക്കുന്ന ടീമിനൊപ്പം ഗംഭീറിന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്ന ഗംഭീറിനെ കാത്തിരിക്കുന്നതും വലിയ വെല്ലുവിളിയാണ്. ടി20 ലോകകപ്പ് നേടിയ ടീമിനെക്കൊണ്ട് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് അടിപ്പിക്കുകയാകും താരത്തിന്റെ ആദ്യത്തെ വെല്ലുവിളി.

കളിക്കാരനെന്ന നിലയില്‍ ഒരു ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമില്ലാതെ പോയ രാഹുല്‍ദ്രാവിഡ് പരിശീലകനായി ഇന്ത്യയെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഫൈനലില്‍ എത്തിക്കുകയും ടി20 ലോകകപ്പില്‍ കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ തോറ്റുപോയ ഇന്ത്യ ഏകദിന ലോകകപ്പില്‍ ഒരു മത്സരങ്ങളില്‍ പോലും തോല്‍ക്കാതെ ഫൈനലില്‍ വന്ന ഇന്ത്യ ഓസ്‌ട്രേലിയയോട് കലാശക്കളിയില്‍ തോല്‍ക്കുകയായിരുന്നു. സമാന തേരോട്ടം ടി20 ലോകകപ്പിലും നടത്തിയ ഇന്ത്യ പക്ഷേ കപ്പു നേടുകയും ചെയ്തു.