Lifestyle

ചെന്നൈ കടല്‍ക്കരയില്‍ ഒരു വില്ല സ്വപ്‌നങ്ങളിലുണ്ടോ? എന്നാല്‍ അതുവേണ്ട, കാരണമുണ്ട്

ചെന്നൈയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന മനോഹരമായ ഒരു വില്ലയില്‍ താമസിക്കുന്നതായി എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു പ്ലാനെക്കുറിച്ച് ആലോചിക്കേണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്തുകൊണ്ടെന്നാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ അത് സമുദ്രനിരപ്പില്‍ നിന്നും 500 മീറ്ററെങ്കിലും താഴെയായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. തുടര്‍ച്ചയായി ജലനിരപ്പ് ഉയരുകയാണെന്നും ഇന്ത്യയിലെ സമുദ്രതീര നഗരങ്ങള്‍ വെള്ളപ്പൊക്കഭീഷണി ഒരിക്കലും ഒഴിയാത്ത ഇടമായി മാറുമെന്നും അവര്‍ പറയന്നു.

കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രാദേശിക ഘടകങ്ങളും ചേര്‍ന്ന് 2050 ഓടെ ചെന്നൈയുടെ തീരപ്രദേശത്തിന്റെ 102.2 കിലോമീറ്റര്‍ അതായത് ചെന്നൈ, തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട് എന്നിവ ഉള്‍പ്പെടുന്ന തീരങ്ങളുടെ 76 ശതമാനവും കൊടുങ്കാറ്റ്, കടല്‍ കയറല്‍, കടല്‍നിരപ്പ് ഉയരല്‍ എന്നിവ മൂലം വെള്ളത്തിനടിയിലാകും എന്നാണ് നഗരശാസ്ത്രജ്ഞരുടെ നിരീക്ഷണം. 77 കിലോമീറ്ററില്‍ പെടുന്ന നിര്‍മ്മാണങ്ങള്‍, റോഡുകള്‍, വ്യവസായങ്ങള്‍, ചിറകള്‍, അരുവികള്‍, ചതുപ്പുനിലങ്ങള്‍ എന്നിവയെല്ലാം കാലാവസ്ഥാ റിസ്‌ക്കില്‍ പെടുമെന്ന് പറയുന്നു.

2050 ഓടെ കടല്‍നിരപ്പ് 19.2 സെന്റീമീറ്റര്‍ ഉയരുമെന്നും 6,120 ഹെക്ടര്‍ സ്ഥലം വെള്ളപ്പൊക്കത്തിലാകുമെന്നും പ്രവചിക്കപ്പെടുന്നു. കടല്‍നിരപ്പ് ഉയരുന്നത് ചുഴലിക്കാറ്റുകള്‍ കൂടുതല്‍ ഉള്‍നാടുകളിലേക്ക് സഞ്ചരിക്കുകയും ഉയര്‍ന്ന വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍ കൂടുതലായി സംഭവിക്കുകയും ചെയ്യുന്നു. ഇത് തീരം കൂടുതല്‍ ശോഷിക്കാനും ഭൂഗര്‍ഭജല സ്രോതസ്സുകളെ ബാധിക്കുകയും സംരക്ഷണ തടസ്സങ്ങളായി പ്രവര്‍ത്തിക്കുന്ന തണ്ണീര്‍ത്തടങ്ങളെ വെള്ളപ്പൊക്കത്തിലാക്കുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അണ്ണാ സര്‍വ്വകലാശാലയിലെ വിഭാഗവും ദുരന്തനിവാരണ കേന്ദ്രവും പുറപ്പെടുവിച്ച ‘തമിഴ്നാടിന്റെ കാലാവസ്ഥാ അപകടസാധ്യത വിലയിരുത്തലും പൊരുത്തപ്പെടുത്തല്‍ പദ്ധതിയും – തീരദേശ പരിസ്ഥിതി വ്യവസ്ഥ’ എന്ന തലക്കെട്ടിലുള്ള കരട് റിപ്പോര്‍ട്ടിലാണ് ഈ പ്രവചനങ്ങള്‍. ‘തിരുവാരൂര്‍, നാഗപട്ടണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ ലവണാംശത്തിന്റെ അളവും താഴ്ന്ന പ്രദേശങ്ങളും കാരണം ഉയര്‍ന്ന അപകടസാധ്യതയുള്ള വിപുലമായ തീരപ്രദേശങ്ങളുണ്ട്.