ഹാരി പോട്ടര്‍ താരം എമ്മ വാട്സണ് വീണ്ടും പ്രണയത്തില്‍. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വച്ച് പരിചയപ്പെട്ട ഒരു അക്കാദമിക് മാന്ത്രികനാണ് പുതിയ നായകന്. ഇവിടെ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന നടി, 19-ാം നൂറ്റാണ്ടിലെ സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പിഎച്ച്ഡി ചെയ്യുന്ന കീറന്‍ ബ്രൗണുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണ് വിവരം.
ഈ മാസം ആദ്യം 34 കാരിയായ എമ്മയും കീറനും നഗരത്തില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ഒരു ബേക്കറിയില്‍ ഇരുവരേയും ഒരുമിച്ചു കാണപ്പെട്ടു. ”സര്‍വകലാശാലയില്‍ എമ്മ ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുകയാണ്. കീറന്റെ തീസിസ് എല്ലാം സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചുമാണ് – അതിനാല്‍ അവര്‍ക്ക് ഒരുപാട് സംസാരിക്കാനുണ്ട്. കീറനുമായി അവര്‍ ഇഷ്ടത്തിലാണ്.” നടിയുമായി ബന്ധപ്പെട്ട ഒരു സോഴ്സ് വ്യക്തമാക്കി. വ്യവസായപ്രമുഖന് സര് ഫിലിപ്പിന്റെ മകന് ബ്രാന്‍ഡന്‍ ഗ്രീനില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് എമ്മ വേര്‍പിരിഞ്ഞത്.
പഠനത്തിനായി തല്ക്കാലം സിനിമാ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന നടി പഠനപ്രക്രിയയില്‍ മുഴുകിയിരിക്കുകയാണ്. ഓണ്‍ലൈനിലും അല്ലാതെയുമായിട്ടാണ് താരം പഠനം നടത്തുന്നത്. പോട്ടര്‍ സിനിമകളിലെ ഹെര്‍മിയോണ്‍ ഗ്രാന്ജര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ നടിക്ക് 60 ദശലക്ഷം ഡോളറിന്റെ സ്വത്ത്മൂല്യമുണ്ടെന്നാണ് പറയപ്പെടുന്നു.