Featured Movie News

എ ആര്‍ റഹ്‌മാനെ ഒഴിവാക്കി ഇന്ത്യന്‍ 2-ല്‍ എന്തുകൊണ്ട് അനിരുദ്ധ്? മറുപടി നല്‍കി ശങ്കര്‍

കമല്‍ഹാസന്‍ നായകനായി 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യന്‍’ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പുറത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ശങ്കറിന്റെ ‘ഇന്ത്യന്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ജൂലൈ 12 ന് റിലീസിന് ഒരുങ്ങുകയാണ്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആദ്യഭാഗത്തിന് സംഗീതം ഒരുക്കിയ എ ആര്‍ റഹ്‌മാന്‍ എന്തുകൊണ്ട് രണ്ടാം ഭാഗത്തില്‍ സംഗീതം ഒരുക്കിയില്ല എന്ന ചോദ്യം നേരിട്ടിരുന്നു. അതിന് ശങ്കര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായിരിയ്ക്കുന്നത്.

അനിരുദ്ധ് രവിചന്ദറിനേക്കാള്‍ മികച്ച ചോയ്സ് ഇന്ത്യന്‍ 2ന് വേണ്ടി സംഗീതം നല്‍കിയ എ ആര്‍ റഹ്‌മാന്‍ ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ‘ഞങ്ങള്‍ ഇന്ത്യന്‍ 2 ന്റെ ജോലികള്‍ ആരംഭിച്ചപ്പോള്‍, എആര്‍ റഹ്‌മാന്‍ ഇതിനകം 2.0 യുടെ BGM ന്റെ ജോലികളിലായിരുന്നു. എനിക്ക് ഉടന്‍ തന്നെ പാട്ടുകള്‍ ആവശ്യമായിരുന്നു. ഇന്ത്യന്‍ 2ന് വേണ്ടി അദ്ദേഹത്തെ നിര്‍ബന്ധിച്ചാല്‍ അത് അദ്ദേഹത്തിന് കൂടുതല്‍ ജോലി ഭാരം ആകും. അത് ഞാന്‍ ആഗ്രഹിച്ചില്ല. അനിരുദ്ധിന്റെ സംഗീതവും എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സംഗീതം ശരിക്കും ജനപ്രിയമായിരുന്നു. എന്തുകൊണ്ട് അവനെ സമീപിച്ചുകൂടായെന്ന് ഞാന്‍ ചിന്തിച്ചു ” – ശങ്കര്‍ കൃത്യമായ മറുപടി നല്‍കി.