Crime

അഫ്ഗാന്‍ ആക്ടിവിസ്റ്റിനെ ജയിലില്‍ കൂട്ടബലാത്സംഗം ചെയ്തു ; മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു

താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ ആയുധധാരികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2021-ല്‍ താലിബാന്‍ രാജ്യം വീണ്ടും പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് പുതിയ സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ കണ്ടതായി ഗാര്‍ഡിയന്‍ പോലെയുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയോട് വസ്ത്രം അഴിക്കാന്‍ പറഞ്ഞ ശേഷം അവര്‍ അങ്ങിനെ ചെയ്യുകയും തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് അവളെ പലതവണ ബലാത്സംഗം ചെയ്യുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നതെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ കൈകൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കല്‍പ്പന പാലിക്കാന്‍ മടിച്ചപ്പോള്‍ രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവളെ ശക്തിയില്‍ തള്ളുന്നുണ്ട്. ”ഇത്രയും വര്‍ഷമായി നിങ്ങളെ അമേരിക്കക്കാര്‍ ചൂഷണം ചെയ്യുകയായിരുന്നില്ലേ…ഇനി ഞങ്ങള്‍ കൂടിചെയ്യട്ടേ…’ എന്നും അക്രമിക്കുമ്പോള്‍ ഇവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാനാകുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബലാത്സംഗത്തിന്റെ വീഡിയോ രണ്ട് പുരുഷന്‍മാരില്‍ ഒരാളുടെ മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചത്. ആക്രമണത്തിന്റെ വീഡിയോയില്‍, അവള്‍ നഗ്‌നയായി നില്‍ക്കുന്നതും അവളുടെ മുഖം ദൃശ്യവുമാണ്. പിന്നീട് ഇവര്‍ രാജ്യം വിട്ടുപോയി. എന്നാല്‍ പഴയ ഈ ക്ലിപ്പ് വീണ്ടും തനിക്ക് അയച്ചു തരുന്നത് തന്നെ ഭയപ്പെടുത്താനാണെന്ന് ഇര പറഞ്ഞു. താലിബാനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുമെന്നും കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും യുവതിയോട് അവര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ വിമര്‍ശനം അവസാനിപ്പിക്കാന്‍ തന്നെ നാണം കെടുത്താന്‍ വേണ്ടി ഇത് മനഃപൂര്‍വം രേഖപ്പെടുത്തിയതാണെന്നാണ് പേര് വെളിപ്പെടുത്താത്ത യുവതിയുടെ വിശ്വാസം. വീഡിയോയില്‍ കാണുന്ന സ്ത്രീ താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടയാളാണെന്ന് അഫ്ഗാന്‍ വനിതാ മാധ്യമ സംഘടന റുക്ഷാന മീഡിയ പറഞ്ഞു.