Sports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 197 പന്തില്‍ സെഞ്ച്വറി ; വനിതാക്രിക്കറ്റില്‍ ചരിത്രമെഴുതി ഷെഫാലി വര്‍മ്മ

ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറി.

2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടൗണ്ടനില്‍ വെച്ച് മിതാലി രാജാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം. ഈ നേട്ടത്തോടെ ഷെഫാലി രണ്ടാമത്തെ ഇന്ത്യന്‍ വനിതാക്രിക്കറ്ററായി മാറി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ വനിതകള്‍ക്ക് ആ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു.

ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാനയും (149) ഷഫാലിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 292 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, 20 കാരിയായ ഷഫാലി തന്റെ മികച്ച ഫോം തുടര്‍ന്നു, റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടി. 194 പന്തുകളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് ഈ നേട്ടത്തിലെത്താനും റെക്കോര്‍ഡ് തന്റെ പേരിലാക്കാനും വേണ്ടിവന്നത്.

തന്റെ ഇന്നിംഗ്‌സില്‍ 23 ബൗണ്ടറികളും 8 കൂറ്റന്‍ സിക്സറുകളും അടങ്ങുന്ന തകര്‍പ്പന്‍ ബാറ്റിംഗാണ് ഷെഫാലി പുറത്തെടുത്തത്. പക്ഷേ കളിയുടെ 75-ാം ഓവറില്‍ ഇല്ലാത്ത ഒരു റണ്ണിനായി ഓടി താരം റണ്ണൗട്ടാവുകയും ചെയ്തു.