Crime

ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണത് ജനലിലൂടെ താഴേക്ക്; 22കാരിക്ക് ദാരുണാന്ത്യം

ജക്കാര്‍ത്ത: ജിമ്മില്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണ യുവതി മരിച്ചു. മൂന്നുനില കെട്ടിടത്തില്‍ നിന്നാണ് വീണത്. ട്രെഡ്മില്ലിനു പിന്നിലുണ്ടായിരുന്ന ജനലിലൂടെയാണ് യുവതി താഴേക്ക് തെറിച്ചുവീണത്. ഇന്‍ഡോനേഷ്യയിലെ വെസ്റ്റ് കലിമന്റനിലെ പോണ്ടിയാനക്കിലില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ട്രെഡ്മില്ലില്‍ നിന്ന് യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ട യുവതി തെറിച്ച് വീണത് ജനലിലേക്കാണ്. തുറന്നുകിടന്ന ജനലിലൂടെ യുവതി താഴേയ്ക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജനലിന്റെ ഫ്രെയിമില്‍ പിടിക്കാന്‍ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് ജിം അടച്ചു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തന്റെ ആണ്‍സുഹൃത്തിനൊപ്പമായിരുന്നു യുവതി ജിമ്മിലെത്തിയത്. അപകടസമയത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പുരുഷന്മാരുടെ ജിമ്മില്‍ യുവതിയുടെ ആണ്‍സുഹൃത്തുണ്ടായിരുന്നു.

ജിമ്മില്‍ നടത്തിയ പരിശോധനയില്‍ ട്രെഡ്മില്ലില്‍ നിന്ന് ഒരാള്‍ തെന്നിയാല്‍ ഉറപ്പായും ജനലിലൂടെ താഴെ വീഴാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമായി. ജിമ്മില്‍ ട്രെഡ്മില്ലും ജനാലയും തമ്മില്‍ 60 സെന്റീമീറ്റര്‍ മാത്രം അകലം മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.