Lifestyle

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഇടനിലക്കാരനായി ; ബംഗാളി യുവാവിനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ യുവതി ഇന്ത്യയില്‍

സാങ്കേതികവിദ്യ മനുഷ്യരുടെ അകലം കുറയ്ക്കുമെന്നത് ലോകത്തെ ഏറ്റവും പുതിയ തത്വമായിരിക്കാം. പക്ഷേ പ്രണയത്തിന് കണ്ണോ മൂക്കോ വൈകല്യങ്ങളോ ഇല്ലെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസമാണ്. പശ്ചിമബംഗാളിലെ നബദ്വീപില്‍ ഉടന്‍ ഭാര്യാഭര്‍ത്താക്കന്മാരാകാന്‍ പോകുന്ന ഈ ഇണക്കുരുവികളുടെ കഥ ഇത് ശരി വെയ്ക്കുന്നു. പശ്ചിമബംഗാളിലെ നദിയാ ജില്ലയിലെ നഗരമായ നബദ്വീപിലെ കാമുകനെ കാണാന്‍ 15,000 കിലോമീറ്റര്‍ അകലെ നിന്നും ഒരു ബ്രസീലിയന്‍ യുവതി യാത്ര ചെയ്‌തെത്തി. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇവര്‍.

നബദ്വീപ് നഗരത്തിലെ ഫോറസ്റ്റ് ദംഗയിലെ താമസക്കാരനായ കാര്‍ത്തിക് മൊണ്ഡല്‍ ജോലി ചെയ്യുന്നത് ഗുജറാത്തിലെ സൂററ്റിലാണ്. നാലു വര്‍ഷം മുമ്പ് ബ്രസീലിയന്‍ പെണ്‍കുട്ടിയായ മാനുവേല ആല്‍വ്‌സ് ഡാ സില്‍വയുമായി സാമൂഹ്യമാധ്യമത്തിലൂടെ ഇയാള്‍ പരിചയപ്പെടുന്നത് സൂററ്റില്‍ താമസിക്കുമ്പോഴായിരുന്നു. പരിചയം സൗഹൃദവും പിന്നെ പ്രണയവുമായി മാറുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ മാനുവേല നബദ്വീപിലെ തന്റെ വീട്ടില്‍ എത്തുകയായിരുന്നെന്ന് കാര്‍ത്തിക് പറഞ്ഞു. ജൂണ്‍ 28 ന് വെള്ളിയാഴ്ച ബംഗാളി ആചാരപ്രകാരം ഇരുവരും വിവാഹിതരാകും. കാര്‍ത്തിക്കിന്റെ വീട്ടില്‍ വിവാഹപന്തല്‍ അടക്കം വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു.

കാമുകനുവേണ്ടി ഇത്രയും ദൂരം താണ്ടാനൊന്നും മാനുവേലയ്ക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാല്‍ വരന്റെ കുടുംബത്തിന്റെ പ്രധാന പ്രതിസന്ധിയായി ഭാഷ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് മണ്ഡലിന്റെ കുടുംബം ഗൂഗിള്‍ പരിഭാഷ ഉപയോഗിച്ചാണ് വധുവുമായി ആശയവിനിമയം നടത്തുന്നത്. അവര്‍ വാക്കുകള്‍ ബംഗാളി ഭാഷയില്‍ ടൈപ്പ് ചെയ്ത് ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തി വധുവിനെ കാണിക്കും. എന്തായാലും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ ഇരുവരുടേയും കുടുംബങ്ങള്‍ അക്കാര്യം അംഗീകരിക്കുകയായിരുന്നു. മാനുവേലയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും വിവാഹദിവസം നബദ്വീപ് സന്ദര്‍ശിക്കാനും വധൂവരന്മാരെ അനുഗ്രഹിക്കാനുമായി എത്തുന്നുണ്ട്.