Sports

യൂറോയില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കുമോ? സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നു

മിക്കവാറും ഈ യൂറോയോടെ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറെയാണ്. ഗ്രൂപ്പ് എഫ് ഓപ്പണറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) വിടീഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റി ജോഡികളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങി ഒരുപറ്റം സൂപ്പര്‍താരങ്ങളാണ് പോര്‍ച്ചുഗലിന്റെ കളിക്കാര്‍. 39 കാരനായ റൊണാള്‍ഡോ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയാണ് പങ്കെടുക്കുന്നത്. ടീമില്‍ മറ്റ് രണ്ട് പേര്‍ കൂടി സമാന റെക്കോഡ് പങ്കുവെയ്ക്കാന്‍ കാത്തിരിക്കുന്നവരാണ്. 2016 ല്‍ കപ്പുയര്‍ത്തിയപ്പോള്‍ പെപെ, റൂയി പട്രീസിയോ എന്നിവരും ടീമിലുണ്ടായിരുന്നു.

മുന്‍ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ സൂപ്പര്‍താരത്തിന്റെ ആദ്യ ടൂര്‍ണമെന്റാണിത്. യൂറോ 2024 ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ 3-0 ന് ജയിച്ചു. ആ കളിയില്‍, റോണാള്‍ഡോ തന്റെ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോര്‍ഡ് 130 ആയി ഉയര്‍ത്തി. അഞ്ച് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടും ഇപ്പോഴും മത്സരത്തിന്റെ ആവേശം അനുഭവിക്കുന്ന റൊണാള്‍ഡോ ജൂലൈ 14 വരെ ജര്‍മ്മനിയില്‍ നടക്കുന്ന 2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗലിന്റെ ഇന്നത്തെ തലമുറയിലെ കളിക്കാര്‍ കപ്പുയര്‍ത്താന്‍ അര്‍ഹരാണെന്ന് പറഞ്ഞു.

”ഇത്രയും വലിപ്പമുള്ള ഒരു മത്സരത്തില്‍ വിജയിക്കാന്‍ ഈ തലമുറ അര്‍ഹരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സെമിഫൈനലുകള്‍ നമുക്ക് ഇനിയും മുന്നോട്ട് പോകാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവിനെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് എന്റെ ആറാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്, അത് ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കുകയും നന്നായി കളിക്കുകയും ടീമിന് വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.