Celebrity

9 വര്‍ഷമായി ഹിറ്റുകളില്ല, 5 വര്‍ഷമായി ബോളിവുഡ് റിലീസുകളില്ല; എന്നാല്‍ ഒരു ചിത്രത്തിന് നടി ഈടാക്കുന്നത് 40 കോടി

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വേതന തുല്യതയെക്കുറിച്ച് വര്‍ഷങ്ങളായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ നടിമാരും അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ നടിമാര്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ ആളുകളും കൂടിയാണ്.

9 വര്‍ഷമായി ഹിറ്റുകളൊന്നും നല്‍കാത്തതും ബോളിവുഡില്‍ 5 വര്‍ഷമായി ഒരു സിനിമ പോലും റിലീസ് ചെയ്യാത്തതും എന്നാല്‍ ഇപ്പോഴും ഒരു ചിത്രത്തിന് 40 കോടി രൂപ സമ്പാദിക്കുന്നതും വന്‍ ആസ്തിയുള്ളതുമായ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരു ഇന്ത്യന്‍ നടിയുണ്ട്. മറ്റാരുമല്ല ആരാധകരുടെ പ്രിയപ്പെട്ട താരം പ്രിയങ്ക ചോപ്ര ജോനാസിനെക്കുറിച്ചാണ് പറയുന്നത്. ദീപിക പദുക്കോണും ആലിയ ഭട്ടും ഇന്ന് ഇന്ത്യയിലെ മുന്‍നിര നടിമാരായി പരിഗണിക്കപ്പെടുമ്പോള്‍, പ്രിയങ്ക ചോപ്ര ജോനാസ് ഹോളിവുഡില്‍ ചുവടുറപ്പിയ്ക്കുകയാണ്.

‘ഹംറാസ്’ (2002) എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച പ്രിയങ്ക ചോപ്ര ജോനാസ്, ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് ഒരു സിനിമയ്ക്ക് 40 കോടി രൂപ വരെയാണ് ഈടാക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ഷോ ‘സിറ്റാഡല്‍’ എന്ന പരിപാടിക്ക് പ്രിയങ്ക ചോപ്ര ഈടാക്കിയ തുകയാണിത്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഒരു സിനിമയ്ക്ക് 14 മുതല്‍ 20 കോടി രൂപയാണ് അവര്‍ ഈടാക്കുന്നത്. പ്രിയങ്ക ചോപ്ര യുഎസിലേക്ക് മാറുന്നതിന് മുമ്പ് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു. 9 വര്‍ഷമായി ഹിറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടിയായി അവര്‍ തുടരുന്നു.

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഒന്നിച്ച ‘ബാജിറാവു മസ്താനി’ ആയിരുന്നു അവരുടെ അവസാന ഹിറ്റ് ചിത്രം. പ്രിയങ്ക ചോപ്രയും കഴിഞ്ഞ 5 വര്‍ഷമായി ഒരു ബോളിവുഡ് സിനിമയിലും പ്രവര്‍ത്തിച്ചിട്ടില്ല. ഫര്‍ഹാന്‍ അക്തറിനൊപ്പം അഭിനയിച്ച ‘ദി സ്‌കൈ ഈസ് പിങ്ക്’ ആണ് അവസാനമായി പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്ര ജോനാസ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി മാത്രമല്ല, 75 മില്യണ്‍ ഡോളര്‍ (ഏകദേശം 620 കോടി രൂപ) ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളും കൂടിയാണ്.