Oddly News

400 കോടിയുടെ ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന് അമേരിക്കന്‍ വ്യവസായി

കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര ബംഗ്ലാവ് വെറുതെ ദാനം ചെയ്യേണ്ടി വന്ന അമേരിക്കന്‍ വ്യവസായിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ വ്യവസായിയും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍ ടീമുടമയുമായ ഡാന്‍ സ്‌നൈഡറിനാണ് തന്റെ കൂറ്റന്‍ ബംഗ്ലാവ് ദാനം ചെയ്യേണ്ടി വന്നത്. വാഷിങ്ടണ്‍ കമാന്‍ഡേര്‍സ് എന്ന തന്റെ ഫുട്‌ബോള്‍ ടീം വില്‍ക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുകളാണ് സ്വന്തം വീട് കൈമാറ്റം ചെയ്യാന്‍ അദ്ദേഹം നേരിട്ടത്. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ബംഗ്ലാവ് അദ്ദേഹം ചാരിറ്റി സംഘടനയ്ക്ക് കൈമാറുകയായിരുന്നു.

2023 ഫെബ്രുവരിയില്‍ 49 മില്യന്‍ ഡോളര്‍ (409 കോടി രൂപ) ആവശ്യപ്പെട്ടു കൊണ്ടാണ് ബംഗ്ലാവ് വിപണിയില്‍ എത്തിയത്. നദിയോട് ചേര്‍ന്ന് എല്ലാവിധ സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിച്ച ആഡംബര വീടായിരുന്നിട്ടും അത് സ്വന്തമാക്കാന്‍ താല്‍പര്യപെട്ട് ആരും മുന്നോട്ടുവന്നില്ല. ആറുമാസക്കാലത്തോളം ബംഗ്ലാവ് അതേ നിലയില്‍ തുടര്‍ന്നു. നിവൃത്തിയില്ലാതെ അദ്ദേഹം വീടിന്റെ വില കുത്തനെ കുറച്ചു. 34.9 മില്യന്‍ ഡോളര്‍ (291 കോടി രൂപ) ആയിരുന്നു പുതുക്കിയ വില. എന്നാല്‍ ഇത്തവണയും നിരാശയായിരുന്നു ഫലം. വീടു വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ സഹികെട്ട് അത് സൗജന്യമായി കൈമാറ്റം ചെയ്യാനായിരുന്നു സ്‌നൈഡറിന്റെ തീരുമാനം. അങ്ങനെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക് അദ്ദേഹം വീടു കൈമാറി.

ഫ്രഞ്ച് കൊട്ടാരങ്ങളുടെ മാതൃകയിലാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. 25000 ചതുരശ്ര അടിയാണ് സ്ഥലവിസ്തൃതി. പൊട്ടോമാക് നദിയുടെ തീരത്ത് 13.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റും ബംഗ്ലാവും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. അഞ്ച് കിടപ്പുമുറികളും 13 ബാത്‌റൂമുകളും ഇവിടെയുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം ബംഗ്ലാവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു കിടപ്പുമുറികളുള്ള ഗസ്റ്റ് ഹൗസ്,  എസ്റ്റേറ്റ് മാനേജറിനും മറ്റു സ്റ്റാഫുകള്‍ക്കും താമസിക്കാനായി പ്രത്യേക സ്ഥലം, 12 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗാരേജ് , ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, പതിനെട്ടാം നൂറ്റാണ്ടിലെ മാതൃകയില്‍  ഇംഗ്ലീഷ് ശൈലിയില്‍ അണിയിച്ചൊരുക്കിയ പൂന്തോട്ടം എന്നിവയാണ് എസ്റ്റേറ്റിലെ മറ്റു കാഴ്ചകള്‍.

ബംഗ്ലാവ് ഹെഡ് ക്വാര്‍ട്ടേഴ്‌സായി ഉപയോഗിക്കാന്‍ കാന്‍സര്‍ സൊസൈറ്റിയും  താല്‍പര്യപ്പെടുന്നില്ല, പകരം അത് വീണ്ടും വില്‍പന ചെയ്യാനും കിട്ടുന്ന തുക കാന്‍സര്‍ സംബന്ധമായ ഗവേഷണങ്ങള്‍ക്കും രോഗികളുടെ ചികിത്സയ്ക്കും വേണ്ടി വിനിയോഗിക്കാനുമാണ് സംഘടനയുടെ തീരുമാനം. 1999ല്‍ 800 മില്യന്‍ ഡോളര്‍ നല്‍കിയാണ് അദ്ദേഹം വാഷിങ്ടണ്‍ ടീം സ്വന്തമാക്കിയത്. പലവിധത്തിലുള്ള വിവാദങ്ങളെ തുടര്‍ന്ന് 2023 ഫ്രാഞ്ചൈസി 6.05 ബില്യന്‍ ഡോളറിന് (50.53 കോടി രൂപ) അദ്ദേഹം വില്‍ക്കുകയും ചെയ്തു.