Health

ജീവനുവരെ ഭീഷണിയാകാം ! ശരീരത്തെ ചൂടില്‍ നിന്ന് പ്രതിരോധിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം വിയര്‍പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല്‍ ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം.

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് ദഹനരസങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ കുറച്ച് വിശപ്പേ അനുഭവപ്പെടുകയുള്ളൂ. വേനല്‍ക്കാലഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമാകണം. ചൂട് വേണ്ട രീതിയില്‍ പ്രതിരോധിച്ച് നിര്‍ത്തിയില്ലെങ്കില്‍ ജീവന്‍ വരെ കളയാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ചൂട് തടയാന്‍, നമ്മുടെ ശരീരത്തിന് ഇതില്‍ നിന്നും പ്രതിരോധം തീര്‍ക്കാന്‍ വേണ്ടി നാം ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്…..

  • വസ്ത്രധാരണം – ചൂടിന് അനുസരിച്ചുള്ള വസ്ത്രധാരണം ശീലമാക്കാം. അയഞ്ഞ, കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാം. ചൂട് ശരീരത്തില്‍ നില്‍ക്കുന്ന വിധത്തിലെ വസ്ത്രങ്ങള്‍ ധരിയ്ക്കരുത്. ദിവസവും രണ്ടോ മൂന്നോ തവണ കുളിയ്ക്കുകയോ മേല്‍ക്കഴുകുകയോ ചെയ്യാം. എന്നാല്‍ കടുത്ത ചൂടില്‍ നിന്നും കയറി വന്ന ഉടന്‍ ദേഹത്ത് വെള്ളമൊഴിയ്ക്കരുത്. അല്‍പസമയം കഴിഞ്ഞ് ചെയ്യാം. പുറത്തിറങ്ങുമ്പോള്‍ കഴിവതും തണലില്‍ തങ്ങുക. കുട, തൊപ്പി എന്നിവയെല്ലാം ശീലമാക്കാം.
  • വെള്ളം – ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ വരാതെ തടയുകയെന്നത് പ്രധാനമാണ്. ഇതിനായി ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് ഏറെ പ്രധാനം. വീട്ടിലിരിയ്ക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴുമെല്ലാം ധാരാളം വെള്ളം കുടിയ്ക്കുക. അതും കൃത്രിമമധുരം ചേര്‍ന്നവ ഒഴിവാക്കുക. ചിലപ്പോള്‍ ദാഹം തോന്നിയെന്ന് വരില്ല. എങ്കില്‍പ്പോലും വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്. മൂത്രനിറം ശ്രദ്ധിയ്ക്കുക. കടുത്ത മഞ്ഞനിറം ശരീരത്തില്‍ വെള്ളം കുറയുന്നുവെന്നതിന്റെ സൂചനയാണ്.
  • തണ്ണിമത്തന്‍ – ഭക്ഷണത്തില്‍ ജലാംശമുളളവ ഉള്‍പ്പെടുത്തുക. തണ്ണിമത്തന്‍, കുക്കുമ്പര്‍, ഓറഞ്ച് പോലുള്ള പഴങ്ങള്‍ എന്നിവയെല്ലാം കഴിയ്ക്കാം. വൈറ്റമിന്‍ സി അടങ്ങിയവ ശരീരത്തിന് ഊര്‍ജം നല്‍കാനും നല്ലതാണ്. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലം പാലിയ്ക്കുക. വയറിന് ചൂടുകാലത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാനും ശരീരം ആരോഗ്യത്തോടെയിരിയ്ക്കാനും ഇതേറെ പ്രധാനമാണ്.
  • കരിക്കിന്‍ വെള്ളം – വേനലില്‍ ശരീരത്തിന് ഇലക്ട്രോളൈറ്റുകള്‍ ഉള്ളവ കഴിയ്ക്കുന്നത് പ്രധാനമാണ്. കരിക്കിന്‍ വെള്ളം, പഴം എന്നിവയെല്ലാം ഇലക്ട്രോളൈറ്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ ഫ്ളൂയിഡ് ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കുന്നു. കഞ്ഞിവെള്ളം അല്‍പം ഉപ്പിട്ട് കുടിയ്ക്കുന്നതും സംഭാരം കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്. തൈരും മോരുമെല്ലാം ശീലമാക്കാം. ശരീരത്തിന് ജലാംശം പകരുന്നതോടൊപ്പം ഇത് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ്.