പല ഘട്ടങ്ങളിലായി ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വീറും വാശിയേറിയതുമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ച് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്നാണ് സമ്മതിദാനം വിനിയോഗിച്ചത്. കന്നിവോട്ടര്‍മാരില്‍ പലരും ആദ്യവോട്ട് ചെയ്തതിന് പിന്നാലെ മഷിപുരട്ടിയ വിരലുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
എന്നാല്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഇവിഎം ബട്ടണ്‍ അമര്‍ത്തി ജനാധിപത്യത്തിന്റെ മധുരനാദം കേള്‍ക്കാനോ മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. സൂറത്തിലെ ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഒരു വോട്ട് പോലും രേഖപ്പെടുത്തും മുമ്പ് പ്രഖ്യാപിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ പ്രൈമറി, സ്റ്റാന്‍ഡ് ബൈ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ബാക്കിയുള്ളവര്‍ പിന്‍മാറുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്.
73 വര്‍ഷത്തിന് ശേഷം ആദ്യമാണ് സൂറത്തിലെ വോട്ടര്‍മാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ പോകുന്നത്. ഏപ്രില്‍ 22 ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുകേഷ് ദലാല്‍ മണ്ഡലത്തില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തിലെ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് നിര്‍ദ്ദേശകരുടെ ഒപ്പ് വ്യാജമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഏപ്രില്‍ 21 ന് നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ചരിത്രപരമായ വാക്കോവര്‍.
അതിശയകരമെന്നു പറയട്ടെ, നിര്‍ദ്ദേശിച്ചവരില്‍ രണ്ട് പേര്‍ കുംഭാനിയുടെ ബന്ധുക്കളാണ്: ജഗദീഷ് സാവലിയ അദ്ദേഹത്തിന്റെ അളിയനും ധ്രുവിന്‍ ധമേലിയ അദ്ദേഹത്തിന്റെ മരുമകനുമാണ്. മൂന്നാമത്തെ പ്രൊപ്പോസര്‍, രമേഷ് പോളറ, കുംഭാനിയുടെ സുഹൃത്തും കണ്‍സ്ട്രക്ഷന്‍ ബിസിനസിലെ പങ്കാളിയുമാണ്. കോണ്‍ഗ്രസിന്റെ ബാക്കപ്പ് സ്ഥാനാര്‍ത്ഥിയായ സുരേഷ് പല്‍സാദയുടെ നാമനിര്‍ദ്ദേശ പത്രികയും അദ്ദേഹത്തിന്റെ അനന്തരവന്‍ ഭൗട്ടിക് കൊളാഡിയയുടെ വ്യാജ ഒപ്പിട്ടതിന്റെ പേരില്‍ മാറ്റിവച്ചു.
ഇതോടെ സൂറത്തല്‍ ബാക്കി വന്നത് ഒമ്പത് സ്ഥാനാര്‍ത്ഥികളായിരുന്നു. നാല് സ്വതന്ത്രരും ബിജെപി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും അധികം അറിയപ്പെടാത്ത പാര്‍ട്ടികളില്‍ നിന്നുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളും. ഏപ്രില്‍ 22 ഓടെ ദലാല്‍ ഒഴികെയുള്ളവര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു, ഇതോടെ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സൂറത്തില്‍ സംഭവിച്ചതുപോലെ ലോക്‌സഭാ സീറ്റില്‍ എതിരില്ലാതെ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകളുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അദ്വിതീയമല്ല. 35 സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭാ സീറ്റുകളില്‍ എതിരില്ലാതെ വിജയിച്ചു.
സമാജ്വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവിന്റെതാണ് ഏറ്റവും പുതിയ കേസ്. 2012 ല്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് കനൗജ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.