Sports

ഐപിഎല്ലില്‍ 200 വിക്കറ്റുകളുമായി ചഹല്‍ ; ടി20 ലോകകപ്പ് ടീമിലേക്ക് ഇനിയെങ്കിലും പരിഗണിക്കുമോ?

ഏകദിന ലോകകപ്പില്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞത് ഇന്ത്യയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാല്‍ സമീപത്ത് എത്തിയിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്രചഹല്‍. ഐപിഎല്ലില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം.

ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായിട്ടാണ് യുസ്വേന്ദ്ര ചാഹല്‍ മാറിയത്. 183 വിക്കറ്റുകളുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. ചാഹലിന് മുമ്പ് ഒരു ടി20 ലീഗില്‍ 200-ലധികം വിക്കറ്റുകള്‍ നേടിയ കളിക്കാര്‍ ഇംഗ്ലണ്ടിന്റെ ടി20 ബ്ലാസ്റ്റില്‍ ഡാനി ബ്രിഗ്സ് (219), സമിത് പട്ടേല്‍ (208) എന്നിവരാണ്. എന്നാല്‍ ഇന്ത്യയില്‍ കളിച്ച 125 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 158 വിക്കറ്റുകളാണ് ചാഹല്‍ നേടിയത്. ചഹലിന്റെ മറ്റു 42 വിക്കറ്റുകള്‍ യുഎഇ യില്‍ നടന്ന ഐപിഎല്ലിലാണ്. അതേസമയം ഐപിഎല്ലിന്റെ ഇന്ത്യയില്‍ നടന്ന മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍ (160) മാത്രമാണ് ചഹലിനെക്കാള്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ളത്.

ഐപിഎല്ലില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ ചഹല്‍ ഏഴുതവണ നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീലങ്കയുടെ മുന്‍ താരം ലസിത് മലിംഗയ്ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നു. ഒരു ഐപിഎല്‍ മത്സരത്തില്‍ ചാഹല്‍ മൂന്നോ അതിലധികമോ വിക്കറ്റ് വീഴ്ത്തിയതിന്റെ 20 സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്ലില്‍ ചാഹലിനേക്കാള്‍ ത്രീ പ്ലസ് വിക്കറ്റ് വീഴ്ത്തിയത് ജസ്പ്രീത് ബുംറ (22 തവണ) മാത്രമാണ്.

ചാഹല്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ രണ്ട് ഫ്രാഞ്ചൈസികള്‍ക്കായി 50-ലധികം വിക്കറ്റുകള്‍ നേടിയ 4 ബൗളര്‍മാര്‍. പിയൂഷ് ചൗള (കെകെആര്‍, പഞ്ചാബ്), അക്‌സര്‍ പട്ടേല്‍ (പഞ്ചാബ്, ഡിസി), റാഷിദ് ഖാന്‍ (എസ്ആര്‍എച്ച്, ജിടി) എന്നിവരാണ് പട്ടികയിലെ മറ്റ് ബൗളര്‍മാര്‍. ഐപിഎല്ലില്‍ ആര്‍സിബിക്ക് മാത്രം 100-ലധികം വിക്കറ്റുകള്‍ നേടിയ ഏക താരമാണ് ചാഹല്‍. രാജസ്ഥാന്‍ റോയല്‍സിനായി 61 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചാഹലിന് 52 വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ബൗളര്‍മാര്‍ മാത്രമാണ് ഐപിഎല്ലില്‍ ഒരു വേദിയില്‍ 50-ലധികം വിക്കറ്റുകള്‍ നേടിയത്. 16.7 എന്ന ചഹലിന്റെ സ്‌ട്രൈക്ക്‌റേറ്റിന്റെ കാര്യത്തില്‍ ഐപിഎല്ലില്‍ 50-ലധികം വിക്കറ്റുകള്‍ നേടിയ 71 ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ്.