Sports

സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും, സീസണിലെ മൂന്നാം അര്‍ദ്ധശതകം; ശുഭ്മാന്‍ ഗില്‍ 3000 തികച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിതാരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിലും സഞ്ജു അര്‍ദ്ധശതകം നേടി. റയാന്‍ പരാഗുമായി ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ അര്‍ദ്ധശതകമായിരുന്നു.

38 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്‌സറുകളുടെയും സഹായത്തോടെയാണ് രാജസ്ഥന്‍ നായകന്‍ അര്‍ദ്ധശതകം നേടിയത്. ജയസ്വീ ജെയ്‌സ്വാളും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ്ബട്‌ളറും ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെ 76 റണ്‍സ് നേടിയ റയാന്‍ പരാഗുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു രാജസ്ഥാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചു കൊടുത്തു. 48 പന്തിലായിരുന്നു പരാഗ് 76 റണ്‍സ് അടിച്ചത്. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി.

മറുവശത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും അര്‍ദ്ധശതകം നേടി. 44 പന്തുകളില്‍ രണ്ടു സിക്‌സുകളും ആറ് ബൗണ്ടറികളും ഗില്‍ പറത്തി. ഒടുവില്‍ ചഹലിന്റെ പന്തില്‍ സഞ്ജു ഗില്ലിനെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയും ചെയ്തു. മത്സരം തോറ്റെങ്കിലും മൂന്‍ ഇന്ത്യന്‍ നായകനും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു.

ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. ഇതിനൊപ്പം ടി20 യില്‍ 4000 റണ്‍സും തികച്ചു. 24 വയസ്സും 215 ദിവസവുമേ ഗില്‍ ആയിട്ടുള്ളൂ. ഈ നേട്ടത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലി എത്തുമ്പോള്‍ 26 വയസ്സും 186 ദിവസങ്ങളും കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സഞ്ജുസാംസണ്‍ മൂന്നാമതുണ്ട്.