Travel

200 ദിവസം, 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചാരം ; 21കാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇലക്ട്രിക് വാഹനത്തില്‍

ഇലക്ട്രിക് വാഹനത്തില്‍ 200 ദിവസം കൊണ്ട് 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതിയാണ് ശ്രദ്ധേയ ആകുന്നത്. ലെക്‌സി ആല്‍ഫോര്‍ഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 21-ാം വയസ്സില്‍ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡിന് കൂടി ഉടമയാണ് ലെക്‌സി.

ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലിലായിരുന്നു ലെക്‌സിയുടെ യാത്ര. യൂറോപ്പില്‍ നിര്‍മ്മിച്ച ഫോര്‍ഡിന്റെ ഈ എക്‌സ്‌പ്ലോറര്‍ മോഡലിന് 26 മിനുട്ട് കൊണ്ട് 10 ശതമാനത്തില്‍ നിന്നും 80 ശതമാനം ബാറ്ററി ചാര്‍ജ് കൈവരിക്കാനും 5.3 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. ഫ്രാന്‍സിലെ പ്രോമനേഡ് അംഗ്ളൈസില്‍ യാത്രയവസാനിച്ചപ്പോള്‍ ഒരു ജീവിത കാലം മുഴുവന്‍ ഓര്‍ക്കാനുള്ള ഓര്‍മ്മകള്‍ താന്‍ നേടിയെന്നാണ് ലെക്‌സി പറഞ്ഞത്. യാത്രയിലുടനീളം വണ്ടിയുടെ ചാര്‍ജ് തീര്‍ന്നതും, യാത്ര ചെയ്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ലെക്‌സി നേരിട്ടുവെങ്കിലും അതിനെയെല്ലാം തരണം ചെയ്തായിരുന്നു ലെക്‌സിയുടെ യാത്ര.

തന്റെ യാത്രയില്‍ ലെക്‌സി വാഹനത്തിലെ പ്രധാന ഫീച്ചറുകളായ മെഗാ കണ്‍സോള്‍ ക്യാബിന്‍ ഫീച്ചറും ഡ്രൈവര്‍ സീറ്റിലെ മസ്സാജിങിനുള്ള സൗകര്യവും ഉപയോഗപ്പെടുത്തിയതായി ഫോര്‍ഡ് അറിയിച്ചു. കൂടാതെ വോയിസ് ആക്റ്റിവേറ്റഡ് സിങ്ക് മോഡും ലെക്‌സിക്ക് സഹായകരമായതായി ഫോര്‍ഡ് അധികൃതര്‍ പറഞ്ഞു. 18 മാസങ്ങള്‍ നീണ്ട യാത്രാ പദ്ധതി അവസാനിച്ചപ്പോള്‍ തന്നോട് യാത്രയില്‍ ഉടനീളം സഹകരിച്ച എല്ലാവര്‍ക്കും ലെക്‌സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി നന്ദി അറിയിച്ചു.


https://www.instagram.com/p/C5BvAk4twwj/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==